NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വിവാഹപ്രായം 21; ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു, കീറി എറിഞ്ഞ് പ്രതിപക്ഷം

സ്ത്രീകളുടെ വിവാഹപ്രായം പതിനെട്ടില്‍ നിന്നും 21 ആക്കി ഉയര്‍ത്താനുളള ബില്‍ കേന്ദ്ര സര്‍ക്കാര്‍ ലോകസഭയില്‍ അവതരിപ്പിച്ചു. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയാണ് ബില്‍ അവതരിപ്പിച്ചത്. വിവാഹപ്രായം ഇരുപത്തിയൊന്നിലേക്ക് ഉയര്‍ത്തുന്ന നിയമം എല്ലാ സമുദായങ്ങള്‍ക്കും ബാധകമായിരിക്കും. വിവാഹ പ്രായം ഉയര്‍ത്തുമ്പോള്‍ രാജ്യത്തെ ഏഴ് വിവാഹ നിയമങ്ങളില്‍ ഭേദഗതി വരുത്തേണ്ടി വരും. അതിനും നിര്‍ദ്ദേശം നല്‍കി.

ഹിന്ദു, ക്രിസ്ത്യന്‍, പാഴ്‌സി വിവാഹനിയമങ്ങള്‍ മാറും. മുസ്ലിം ശരിഅത്ത് വ്യവസ്ഥയ്ക്കും മുകളിലാകും നിയമം. ബാലവിവാഹ നിരോധന നിയമത്തിലും ഇത് എഴുതിച്ചേര്‍ക്കും. ക്രിസ്ത്യന്‍ വിവാഹ നിയമം, പാഴ്‌സി വിവാഹ നിയമം, ഹിന്ദു വിവാഹ നിയമം, സ്‌പെഷ്യല്‍ മാരേജ് ആക്ട്, ഹിന്ദു മൈനോരിറ്റി ആന്‍ഡ് ഗാര്‍ഡിയന്‍ ഷിപ്പ് ആക്ട് – 1956, ഫോറിന്‍ മാരേജ് ആക്ട്, ബാല വിവാഹ നിരോധന നിയമം അടക്കം 7 നിയമങ്ങളിലാണ് മാറ്റം വരുത്തുക.

അതേ സമയം ബില്ലില്‍ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. സഭയില്‍ ബില്‍ വലിച്ചു കീറിയാണ് പ്രതിഷേധം. ബില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയ്ക്ക് അയക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ബില്ലിന് പിന്നില്‍ ബിജെപി സര്‍ക്കാരിന് ഗൂഢലക്ഷ്യമുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു. പാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പിനെ വകവെയ്ക്കാതെ നാടകീയമായിരുന്നു കേന്ദത്തിന്റെ നീക്കം. ഇതിനെതിരെ പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി. ബില്‍ ഇന്ന് അവതരിപ്പിക്കുമെന്ന് കാര്യത്തില്‍ അവസാന നിമിഷമാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ബജറ്റ് സമ്മേളനത്തിലേക്ക് ബില്‍ അവതരണം മാറ്റുമെന്നാണ് പ്രതിപക്ഷ കക്ഷികള്‍ കരുതിയിരുന്നത്.

സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കി ഉയര്‍ത്താനുള്ള കരട് ബില്ലിന് കഴിഞ്ഞ ബുധനാഴ്ചയാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. ഇതിനു പിന്നാലെ വിവിധ രാഷ്ട്രീയകക്ഷികളും വനിതാസംഘടനകളും ആക്ടിവിസ്റ്റുകളും എതിര്‍പ്പ് പ്രകടിപ്പിച്ച് കൊണ്ട് രംഗത്തെത്തി. സിപിഎമ്മും സിപിഐയും മുസ്ലിം ലീഗുമടക്കമുള്ളവരും ബില്ലിനെതിരെ രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published.