NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

‘സമരം നടത്തിയവര്‍ക്ക് തീവ്രവാദ ബന്ധമെന്ന റിപ്പോര്‍ട്ട്’; ആലുവ റൂറല്‍ എസ്.പിയെ നേരിട്ട് വിളിച്ചുവരുത്തി അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി

കൊച്ചി: ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് നിയമവിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ റൂറല്‍ എസ്.പിയെ നേരിട്ട് വിളിച്ചു വരുത്തി വിശദീകരണം തേടി.

റൂറല്‍ എസ്.പി കെ. കാര്‍ത്തിക്കിനെ തിങ്കളാഴ്ച ആലുവ പൊലീസ് ഗസ്റ്റ് ഹൗസിലെ മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് മുഖ്യമന്ത്രി വിവരങ്ങള്‍ ആരാഞ്ഞത്. ഇതിന് പിന്നാലെ കാര്‍ത്തിക്കിനോട് മോഫിയ കേസിലെ മുഴുവന്‍ ഫയലുകളുമായി വരാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടുകയും ചെയ്തു.

സമരത്തില്‍ പങ്കെടുത്ത് അറസ്റ്റിലായവര്‍ക്കെതിരേ തീവ്രവാദ ബന്ധം ആരോപിച്ച സാഹചര്യവും മുഖ്യമന്ത്രി എസ്.പിയോട് തിരക്കി.മോഫിയയുടെ കുടുംബത്തിന് നീതി തേടി സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ തീവ്രവാദബന്ധം ആരോപിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത നടപടിയില്‍ മുഖ്യമന്ത്രി എസ്.പിയെ അതൃപ്തി അറിയിച്ചു. സംഭവം പൊലീസിനും സര്‍ക്കാരിനും ചീത്തപ്പേരുണ്ടാക്കിയ സാഹചര്യത്തിലായിരുന്നു നടപടി.

മോഫിയ കേസ് ഫയലും അതിനോട് അനുബന്ധിച്ചുണ്ടായ മറ്റ് സംഭവങ്ങളുടെ കേസ് ഫയലുകളുമായി മുഖ്യമന്ത്രിയെ തിങ്കളാഴ്ച വൈകീട്ട് വീണ്ടും റൂറല്‍ എസ്.പി കണ്ടു. കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ധരിപ്പിച്ചു.

മോഫിയ പര്‍വീണിന്റെ ആത്മഹത്യക്കേസില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ സമരം ചെയ്ത പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് തീവ്രവാദ ബന്ധം സംശയിക്കുന്നുവെന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി റിപ്പോര്‍ട്ടില്‍ പറഞ്ഞത്.

അല്‍ അമീന്‍ അഷ്റഫ്, നജീബ്, അനസ് എന്നിവരെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് വിവാദ പരാമര്‍ശമുണ്ടായത്.

ഇവരെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് തീവ്രവാദ ബന്ധം സംശയിക്കുന്നതായി പൊലീസ് പറഞ്ഞത്. സംഭവത്തില്‍ ആലുവ പ്രിന്‍സിപ്പല്‍ എസ്.ഐ ആര്‍. വിനോദ്, ഗ്രേഡ് എസ്.ഐ രാജേഷ് എന്നിവരെ നേരത്തെ സസ്പെന്‍ന്റ് ചെയ്തിരുന്നു. സംഭവത്തില്‍ മുനമ്പം ഡി.വൈ.എസ്.പിയോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഡി.ഐ.ജി ആവശ്യപ്പെട്ടിട്ടുണ്ട്.

അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ പരാതിയിലാണ് ഇരുവരേയും ഡി.ഐ.ജി സസ്പെന്റ് ചെയ്തത്.

Leave a Reply

Your email address will not be published.