NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സമസ്ത നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടു, പി എസ് സിക്ക് വിട്ട നടപടി ഉടൻ നടപ്പാക്കില്ലെന്നു മുഖ്യമന്ത്രി, വിശദമായ ചർച്ചക്ക് ശേഷം തീരുമാനം

വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ടതുമായി ബന്ധപ്പെട്ട് സമസ്ത നേതാക്കൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. നടപടി റദ്ദാക്കണമെന്ന് നേതാക്കൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാൽ നിയമം ധൃതിപിടിച്ച് നടപ്പാക്കില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സർക്കാരിനെ അറിയിച്ചത് വഖഫ് ബോർഡാണ്. സർക്കാരിന്റെ നിർദേശമായിരുന്നില്ല അത്. അതുകൊണ്ടു തന്നെ സർക്കാരിന് ഇക്കാര്യത്തിൽ പ്രത്യേക വാശിയൊന്നുമില്ല എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

വിശദമായ ചർച്ച നടത്തി തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലെ സ്ഥിതി തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തിൽ ചർച്ചയാവാമെന്ന് മുഖ്യമന്ത്രി അറിയിച്ചെന്നും നേതാക്കൾ പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നാണ് നേതാക്കളുടെ പ്രതികരണം. അനുഭാവപൂർണമായ സമീപനം ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും തുടർനടപടികൾ സമസ്ത നേതൃത്വം ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും നേതാക്കൾ അറിയിച്ചു.

വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ടതിനെതിരെ മുസ്‌ലിം സംഘടനകൾ സമരത്തിനിറങ്ങിയതോടെയാണ് മുഖ്യമന്ത്രി സമസ്ത നേതാക്കളെ ചർച്ചക്ക് വിളിച്ചത്. സമസ്തയെ മാത്രമാണ് ഇപ്പോൾ ചർച്ചക്ക് വിളിച്ചത്. മറ്റു മുസ്‌ലിം സംഘടനകളുമായിക്കൂടി ചർച്ച നടത്തിയ ശേഷമായിരിക്കും സർക്കാർ അന്തിമ തീരുമാനത്തിലെത്തുക.

നിയമനം പി.എസ്​.സിക്ക് വിടുന്നതിലൂടെ മുസ്ലിം വിഭാഗത്തിൽ പെടാത്തവർക്കും വഖഫ് ബോർഡിൽ ജോലി കിട്ടും എന്ന പ്രചാരണം സമസ്ത നേതാക്കൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. എന്നാൽ വസ്തുതാവിരുദ്ധമായ പ്രചാരണമാണ് അതെന്നും, അത്തരം ഒരാശങ്കകൾക്കും അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമസ്ത ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാർ, ഉമർ ഫൈസി മുക്കം, അബ്ദുസമദ് പൂക്കോട്ടൂർ എന്നിവരാണ് സമസ്തയെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രിയെ കണ്ടത്.

Leave a Reply

Your email address will not be published.