23 രാജ്യങ്ങളിൽ ഒമിക്രോൺ സ്ഥിരീകരിച്ചു; ലോകാരോഗ്യ സംഘടന പട്ടിക പുറത്തുവിട്ടു


ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോൺ 23 രാജ്യങ്ങളിൽ ഇതുവരെ സ്ഥിരീകരി്ചെന്ന് ലോകാരോഗ്യ സംഘടന. രോഗവ്യാപനം സ്ഥിരീകരിച്ച രാജ്യങ്ങളുടെ പട്ടിക ലോകാരോഗ്യസംഘടന പുറത്തുവിട്ടു. രോഗബാധിതരുടെ എണ്ണം ഇനിയും വർദ്ധിക്കാനാണ് സാധ്യതയെന്നും വ്യാപനം ഗൗരവമായി കാണുന്നനെന്നും ഡബ്ല്യുഎച്ച്ഒ ഡയരക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. പുതിയ വകഭേദത്തിൽ അത്ഭുതമില്ലെന്നും കോവിഡ് വ്യാപനം തുടരുന്ന കാലത്തോളം ഇത്തരത്തിലുള്ള സംഭവങ്ങൾ പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു
ദക്ഷിണാഫ്രിക്ക (77), ബ്രിട്ടൻ (22), ബോട്‌സ്വാന (19), നെതർലൻഡ്‌സ് (16), പോർച്ചുഗൽ (13), ഇറ്റലി (9), ജർമനി (9), ആസ്‌ട്രേലിയ (7), കാനഡ (6),
ദക്ഷിണ കൊറിയ (5), ഹോങ്കോങ് (4), ഇസ്രായേൽ (4), ഡെന്മാർക്ക് (4), സ്വീഡൻ (3), ബ്രസീൽ (3), നൈജീരിയ (3), സ്‌പെയിൻ (2), നോർവേ (2), ജപ്പാൻ (2), ആസ്ട്രിയ (1), ബെൽജിയം (1), ഫ്രാൻസ് (1), ചെക്ക് റിപബ്ലിക് (1) എന്നിവിടങ്ങളിലാണ് ഒമിക്രോൺ രോഗബാധ സ്ഥിരീകരിച്ചത്.
അതേസമയം ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങൾ യാത്രാവിലക്ക് ഏർപ്പെടുത്തിയതിനെ വിമർശിച്ച് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് രംഗത്തെത്തി. വൈറസിന് യാതൊരു അതിരുകളുമില്ല. ചില രാജ്യങ്ങളെയും, പ്രദേശത്തെയും മാത്രം ഒറ്റപ്പെടുത്തുന്ന തരം യാത്രാവിലക്കുകൾ അന്യായമാണെന്നും, ഫലപ്രദമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യാത്രാക്കാരുടെ പരിശോധനയുടെ എണ്ണം കൂട്ടുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ഒമിക്രോൺ വകഭേദം ആദ്യമായി സ്ഥിരീകരിച്ചതിന് പിന്നാലെ ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രകൾക്ക് നിരവധി രാജ്യങ്ങൾ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി യു.എൻ സെക്രട്ടറി ജനറൽ രംഗത്തെത്തിയത്. പുതിയ വകഭേദത്തെ കണ്ടെത്തി നിർണായക ശാസ്ത്ര, ആരോഗ്യ വിവരങ്ങൾ ലോകവുമായി പങ്കുവെച്ച രാജ്യങ്ങളെ കൂട്ടമായി ശിക്ഷിക്കരുതെന്ന് ഗുട്ടെറസ് പറഞ്ഞു.