ഹലാൽ വിവാദം; സംഘപരിവാർ ഒരുവിഭാഗത്തെ അടച്ചാക്ഷേപിച്ച് ചേരിതിരിവു ണ്ടാക്കുന്നു- മുഖ്യമന്ത്രി


ഹലാൽ വിവാദത്തിലൂടെ ഒരു വിഭാഗത്തെ അടച്ചാക്ഷേപിച്ച് ചേരിതിരിവുണ്ടാക്കാനുള്ള ശ്രമമാണ് സംഘപരിവാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.ഐ.എം പിണറായി ഏരിയ സമ്മേളന ഉദ്ഘാടനത്തിലാണ് മുഖ്യമന്ത്രി സംഘപരിവാറിനെതിരെ രൂക്ഷവിമർശനം നടത്തിയത്. ഹലാൽ വിവാദം ഉയർത്തിയപ്പോഴാണ് അതിന്റെ പൊള്ളത്തരം അവർക്ക് തന്നെ മനസ്സിലാവുന്നതെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
ഇന്ത്യയുടെ സംസ്കാരത്തെ ഹിന്ദുത്വ അജണ്ടയ്ക്ക് കീഴ്പ്പെടുത്തുകയാണ്. പൗരത്വ നിയമ ഭേദഗതിയിലൂടെ മുസ്ലീം സമുദായത്തെ ഇന്ത്യയിൽ നിന്ന് അന്യമാക്കുന്ന നിലപാട് കൈക്കൊണ്ടു. ഗോവധ നിരോദനത്തിന്റെ പേര് പറഞ്ഞ് രാജ്യത്ത് പ്രശ്നം സൃഷ്ടിക്കുകയാണ്. ന്യൂനപക്ഷങ്ങൾ ഇന്ത്യയിൽ ആക്രമിക്കപ്പെടുന്നു. ഹലാൽ വിവാദത്തിലൂടെ ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കാനുള്ള ശ്രമം നടക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേത്തു.
രാജ്യത്തിന്റെ സംസ്‌കാരം ഹിന്ദുത്വ അജണ്ടയ്ക്ക് കീഴ്‌പ്പെടുത്താനാണ് കേന്ദ്രസർക്കാരിന്റെ ശ്രമമെന്നും ഭരണഘടന മൂല്യങ്ങളെ തകർക്കുന്ന സമീപനമാണ് കേന്ദ്രസർക്കാരിന്റേതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കോർപ്പറേറ്റുകളുടെ താൽപ്പര്യങ്ങൾക്ക് അനുസരിച്ചാണ് കേന്ദ്ര സർക്കാർ ഭരണം നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോൺസിനും ബിജെപിക്കും ഒരേ നയമാണ്. ഏത് വർഗീയതയും താലോലിച്ച് അധികാരത്തിലെത്തുകയാണ് ലക്ഷ്യം. വർഗീയത ഇല്ലാതാക്കാൻ വ്യക്തമായ നിലപാട് വേണമെന്നും ഇതിന് ഇടതുപക്ഷത്തിന് കഴിയുമെന്നും ഇടതുപക്ഷം മറ്റ് ജനാധിപത്യ ശക്തികളെ ഒരുമിപ്പിച്ച് മുന്നോട്ട് പോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.