NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പിങ്ക് പൊലീസിന്റെ പരസ്യവിചാരണ: 50 ലക്ഷം നഷ്ടപരിഹാരം വേണം, പെണ്‍കുട്ടി ഹൈക്കോടതിയില്‍

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് എട്ട് വയസ്സുകാരിയെയും, അച്ഛനെയും പരസ്യ വിചാരണയ്ക്കിരയാക്കിയ സംഭവത്തില്‍ പെണ്‍കുട്ടി ഹൈക്കോടതിയെ സമീപിച്ചു. ചെയ്യാത്ത കുറ്റത്തിന് പീഡിപ്പിച്ച പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി ഹര്‍ജി നല്‍കി.

പൊതുജനമധ്യത്തില്‍ വച്ച് ഉദ്യോഗസ്ഥയായ രജിത തന്നെ കള്ളി എന്ന് വിളിച്ച് അപമാനിച്ചു. അച്ഛനെ വസ്ത്രം അഴിച്ച് പരിശോധന നടത്തി. എന്നാല്‍ മൊബൈല്‍ ഫോണ്‍ ഉദ്യോഗസ്ഥയുടെ ബാഗില്‍ നിന്ന് തന്നെ കണ്ടെത്തുകയായിരുന്നു. കുറ്റക്കാരിയായ ഉദ്യോഗസ്ഥയ്‌ക്കെതിരെ ആറ്റിങ്ങല്‍ ഡിവൈഎസ്പിയ്ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. അവര്‍ക്ക് സൗകര്യപ്രഥമായ സ്ഥലത്തേക്ക് സ്ഥലം മാറ്റുക മാത്രമാണ് ചെയ്തതെന്നും ഹര്‍ജിയില്‍ ആരോപിച്ചു.

ഉദ്യോഗസ്ഥയെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരും, പൊലീസും സ്വീകരിക്കുന്നത്. തനിക്ക് നേരിടേണ്ടിവന്ന മാനസിക ബുദ്ധിമുട്ടിന് നഷ്ടപരിഹാരമായി 50 ലക്ഷം രൂപ നല്‍കണമെന്നും പെണ്‍കുട്ടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

ആറ്റിങ്ങലില്‍ വച്ചാണ് പെണ്‍കുട്ടിക്കും അച്ഛനും പിങ്ക് പൊലീസില്‍ നിന്ന് ദുരനുഭവമുണ്ടായത്. തന്റെ മൊബൈല്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു അച്ഛനെയും മകളെയും രജിത നടുറോഡില്‍ വെച്ച് ആളുകള്‍ നോക്കിനില്‍ക്കെ ചോദ്യം ചെയ്തത്. തുടര്‍ന്ന് പൊലീസ് വാഹനത്തിലെ ബാഗില്‍ നിന്നും മൊബൈല്‍ കണ്ടു കിട്ടിയെങ്കിലും അവര്‍ സ്വന്തം നിലപാട് ന്യായീകരിക്കുകയാണ് ചെയ്തത്.

അന്വേഷണം നടത്തിയ ആറ്റിങ്ങല്‍ ഡിവൈഎസ്പി, രജിത അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന റിപ്പോര്‍ട്ട് നല്‍കി. പരാതിയുമായി ഡിജിപിയെ കണ്ടതോടെ ഐജി ഹര്‍ഷിത അട്ടല്ലൂരിക്ക് അന്വേഷണച്ചുമതല നല്‍കി. എന്നാല്‍ ഉദ്യോഗസ്ഥയെ ജില്ല വിട്ട് സ്ഥലം മാറ്റുകയും 15 ദിവസത്തെ പരിശീലനത്തിന് അയക്കുകയും മാത്രമാണ് ചെയ്തത്. തങ്ങള്‍ക്ക് നീതി കിട്ടിയില്ലെന്ന് പരസ്യ വിചാരണയ്ക്കിരയായ അച്ഛന്‍ ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published.