കോഴിക്കോട് സര്‍വകലാശാല റേഡിയോ പ്രക്ഷേപണം തുടങ്ങുന്നു


തേഞ്ഞിപ്പലം: വിജ്ഞാന വിനോദ വിതരണം ലക്ഷ്യമാക്കി കോഴിക്കോട് സര്‍വകലാശാല സ്വന്തമായി കാമ്പസ് റേഡിയോ പ്രക്ഷേപണം തുടങ്ങുന്നു. വിദ്യാര്‍ഥികള്‍ക്കാവശ്യമായ അറിയിപ്പുകള്‍, പഠനവകുപ്പുകളിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍, വിജ്ഞാന പ്രഭാഷണങ്ങള്‍ എന്നിവയെല്ലാം റേഡിയോ വഴി പ്രക്ഷേപണം ചെയ്യും.
അക്കാദമികവും അല്ലാത്തതുമായ പൊതുജന താത്പര്യമുള്ള വിഷയങ്ങള്‍ക്കും പരിഗണന നല്‍കും. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സഹായത്തോടെയാകും ഉള്ളടക്കം തയ്യാറാക്കുക. സര്‍വകലാശാലയില്‍ നിര്‍മിക്കപ്പെടുന്ന അറിവുകള്‍ പൊതുസമൂഹത്തിന് കൂടി ലഭ്യമാക്കാന്‍ കാമ്പസ് റേഡിയോ വഴി സാധിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു.
സ്റ്റുഡിയോയും അനുബന്ധ സാങ്കേതിക സൗകര്യങ്ങളും ഒരുക്കുന്നതിന് 14.49 ലക്ഷം രൂപയാണ് കണക്കാക്കിയിരിക്കുന്നത്.
തുടക്കത്തിൽ ഇന്റര്‍നെറ്റ് വഴിയുള്ള പ്രക്ഷേപണമാണുണ്ടാകുക. പിന്നീട് കമ്യൂണിറ്റി റേഡിയോ ആയി ഉയര്‍ത്തും. നിശ്ചിത സമയത്തായിരിക്കും പ്രക്ഷേപണം. റേഡിയോ ആപ്പ് മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനാകുന്ന തരത്തിലാണ് സജ്ജമാക്കുക.
ആഭ്യന്തര ഗുണനിലവാരം ഉറപ്പാക്കല്‍ സമിതി (ഐ.ക്യു.എ.സി.) ശുപാര്‍ശ ചെയ്ത പദ്ധതിക്ക് സിന്‍ഡിക്കേറ്റ് അംഗീകരമായിട്ടുണ്ട്. പദ്ധതി നടത്തിപ്പിന്റെ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായി കമ്മിറ്റി കണ്‍വീനറും സിന്‍ഡിക്കേറ്റംഗവുമായ ഡോ. എം. മനോഹരന്‍ അറിയിച്ചു. യോഗത്തില്‍ സിന്‍ഡിക്കേറ്റംഗങ്ങളായ കെ.കെ. ഹനീഫ, ഡോ. കെ.ഡി. ബാഹുലേയന്‍ എന്നിവരും പങ്കെടുത്തു.
==============================
റേഡിയോക്ക് അനുയോജ്യമായ പേരും ലോഗോയും നല്കാൻ പൊതുജനങ്ങൾക്കും അവസരം
==============================
കോഴിക്കോട് സര്‍വകലാശാല തുടങ്ങാനിരിക്കുന്ന റേഡിയോക്ക് അനുയോജ്യമായ പേരും ലോഗോയും നല്കാൻ പൊതുജനങ്ങൾക്കും അവസരം നൽകുന്നു.
ഹ്രസ്വവും പുതുമയാര്‍ന്നതും ആകര്‍ഷകവുമായ പേരും ലോഗോയും വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും നിര്‍ദേശിക്കാം. ലോഗോ പി.ഡി.എഫ്. രൂപത്തിലുള്ളതായിരിക്കണം. പകര്‍പ്പവകാശം സര്‍വകലാശാലയ്ക്കായിരിക്കും. radio@uoc.ac.in എന്ന ഇ-മെയിലിലേക്ക് നവംബര്‍ 10-നകം അയച്ചു നല്‍കണം