ഗാന്ധിയുടെ ഇന്ത്യയെ വീണ്ടെടുക്കാൻ മനുഷ്യ മനസുകൾ ഒന്നിക്കണം: എ.പി.അനിൽ കുമാർ എം.എൽ.എ

ഗാന്ധി ദർശൻ സമിതി ജില്ല കമ്മിറ്റി സംഘടിപ്പിച്ച "ഗാന്ധി സ്മൃതി സംഗമം" എ.പി.അനിൽകുമാർ എം.എൽ.എ. ഉൽഘാടനം ചെയ്യുന്നു.

തിരൂരങ്ങാടി: വർഗീയ വാദികളും ഫാസിസ്റ്റ് ഭരണകൂടവും നമ്മുടെ രാജ്യത്തെ ലോക രാഷ്ട്രങ്ങൾക്ക് മുമ്പിൽ നാണം കെടുത്തി കൊണ്ടേയിരിക്കുന്നു. സാമ്പത്തികമായും സാംസ്കാരികമായും ഉന്നതങ്ങളിലായിരുന്ന നമ്മുടെ രാജ്യം ഏറെ പിന്നോട്ട് പോയി. അയൽ രാജ്യങ്ങൾപ്പോലും ഇന്ത്യയുമായുള്ള കൂട്ട് അവസാനിപ്പിച്ചിരിക്കുന്നു.
ഭരണകൂട ഭീകരതയാൽ രാജ്യത്തെ ജനങ്ങൾ ഏറെ നിരാശയിലും ഭയത്തോടെയുമാണ് ഓരോ ദിവസവും തള്ളി നീക്കുന്നത്. അക്രമങ്ങൾക്കും അനീതികൾക്കുമെതിരെയുള്ള അവസാനത്തെ പ്രതീക്ഷയായ ജുഡീഷറിയിൽപോലും ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടുന്നതിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നും ഭാരതത്തെ ‘ഗോദ്സെ’മാരുടെ രാജ്യമാക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തുന്നതിനും ഗാന്ധിജിയുടെ ഇന്ത്യയെ വീണ്ടെടുക്കുന്നതിനും മനുഷ്യമനസുകൾ ഒന്നിക്കേണ്ടതുണ്ടെന്നും എ.പി.അനിൽകുമാർ എം.എൽ.എ. അഭിപ്രായപ്പെട്ടു.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനത്തിൽ ഗാന്ധി ദർശൻ സമിതി ജില്ല കമ്മിറ്റി സംഘടിപ്പിച്ച “ഗാന്ധി സ്മൃതി സംഗമം” ഉൽഘാടനം ചെയ്തുസംസാരിക്കുയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡണ്ട് പി.കെ.എം.ബാവ അധ്യക്ഷത വഹിച്ചു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പറും മലപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടുമായ എം.കെ.മുഹസിൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നൗഫൽ ബാബു, ഗാന്ധി ദർശൻ സമിതി സംസ്ഥാന ഭാരവാഹികളായ കെ.എ. അറഫാത്ത്, നാസർ പറപ്പൂർ, ഒ.ബി.സി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മുജീബ് ആനക്കയം, ഗാന്ധി ദർശൻ സമിതി ജില്ല ഭാരവാഹികളായ സമീർ കാമ്പ്രൻ,
സുകുമാരൻ കൊടിയേരി, അഡ്വ.കുഞ്ഞാലിക്കുട്ടി കടക്കുളത്ത്, ഷബീർ നെല്ലിയാളി, രാഹുൽ ജി നാഥ്, കെ.പി.എസ്.ടി.എ ജില്ല വൈസ് പ്രസിഡണ്ട് ലത്തീഫ് പാലക്കാട്ട്, ഒ.ഐ.സി.സി മദീന കമ്മിറ്റി പ്രതിനിധി കെ.പി.സയ്യിദ് ഫൈസൽ, തുടങ്ങിയവർ സംസാരിച്ചു.