കാണാതായ 15 വയസുകാരൻ മുഹമ്മദ് സൗഹാനെ കണ്ടെത്തു ന്നതിനുള്ള അന്വേഷണം ഊർജിതമാക്കും


അരീക്കോട്: – രണ്ട് ആഴ്ച മുൻപ് കാണാതായ 15 വയസുകാരൻ ഊർങ്ങാട്ടിരി വെറ്റിലപ്പാറ മുഹമ്മദ് സൗഹാനെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊർജിതമാക്കുമെന്ന് ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണനും ജില്ലാ പൊലിസ് മേധാവി സുജിത് ദാസും ബന്ധുക്കൾക്കും ജനപ്രതിനിധികൾക്കും ഉറപ്പ് നൽകി. കാണാതായി 16 ദിവസം കഴിഞ്ഞിട്ടും കുട്ടിയെ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് അന്വേഷണം ഊർജിതമാക്കണം എന്നാവശ്യപ്പെട്ട് മാതാവ് പൂളക്കൽ കദീജയും മറ്റു ബന്ധുക്കളും ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ജിഷ, വൈസ് പ്രസിഡന്റ് ഷിജോ ആന്റണി, അംഗം ടി. അനുരൂപ്, അങ്കണവാടി വർക്കർ ബിന്ദു എന്നിവരുടെ കൂടെ കലക്ടറേയും എസ്.പിയേയും കാണുകയായിരുന്നു.
160 പേരടങ്ങുന്ന അന്വേഷണ സംഘം നേരത്തെ തിരച്ചിൽ നടത്തിയിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. ചെക്കുന്ന് മലയുടെ താഴ് വാരം മുതൽ ഏറ്റവും മുകളിലെ വനത്തിലൂടെ വരെ അന്ന് തെരച്ചിൽ നടത്തിയിരുന്നു. സി.സി. ടി.വി ദൃശ്യങ്ങൾ പൊലിസ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ 14നാണ് കുട്ടിയെ കാണാതായത്. ചെക്കുന്ന് മലയുടെ ചെരുവിലാണ് സൗഹാന്റെ വീട്. വീടിനോട് ചേർന്ന് കുരങ്ങിനെ കണ്ടതോടെ പിന്നാലെ കൂടി. കാടിനോട് ചേർന്ന റബർ തോട്ടത്തിൽ കുരങ്ങിന് പിന്നാലെ ഓടുന്ന കുട്ടിയെ കണ്ടവരുണ്ട്. കുട്ടി അബദ്ധത്തിൽ കാട്ടിൽ അകപ്പെട്ടിരിക്കാമെന്നാണ് കരുതുന്നത്. പരിചയമുള്ളവർക്ക് പോലും എളുപ്പത്തിൽ തിരിച്ചിറങ്ങാൻ സാധിക്കാത്ത വിധത്തിലാണ് കാടിന്റെ സ്ഥിതി. കാട്ടിൽ അകപ്പെട്ട കുട്ടി വഴിയറിയാതെ തിരിച്ചിറങ്ങാൻ പ്രയാസപ്പെട്ടതാകും എന്നാണ് നിഗമനം. കാട് കേന്ദ്രീകരിച്ചുള്ള തിരച്ചിലാണ് ഇതുവരെ നടന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അരീക്കോട് പൊലിസ് സ്റ്റേഷനിൽ വിവരമറിയിക്കണം. ഫോൺ: 0483 2850222.