NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മൈസൂരു കൂട്ടബലാത്സംഗ ക്കേസില്‍ അഞ്ച് പേര്‍ പിടിയില്‍; അറസ്റ്റിലായത് തമിഴ്നാട്ടില്‍ നിന്ന്

മൈസൂരു കൂട്ടബലാത്സംഗക്കേസില്‍ അഞ്ച് പേര്‍ പിടിയിലായെന്ന് പൊലീസ്. തമിഴ്നാട്ടില്‍ നിന്നാണ് പ്രതികളെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയിലെടുത്തത്. ഓഗസ്റ്റ് 24നാണ് മൈസൂരുവില്‍ എം.ബി.എ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായത്. കര്‍ണാടക ചാമുണ്ഡി ഹില്‍സിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയേയും സഹപാഠിയേയും ആറംഗ സംഘം പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. മഹാരാഷ്ട്ര സ്വദേശികളായ ഇരുവരോടും സംഘം പണം ആവശ്യപ്പെടുകയും ചെയ്തു. പണം നല്‍കാന്‍ വിസമ്മതിച്ചതോടെ സുഹൃത്തിനെ ആക്രമിച്ച ശേഷം പെണ്‍കുട്ടിയെ ഒറ്റപ്പെട്ട പ്രദേശത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. സ്ഥലത്തെ സ്ഥിരം മദ്യപാനികളായിരിക്കാം പ്രതികളെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം. ഇതിനേത്തുടര്‍ന്ന് നാട്ടുകാരായ മുപ്പതുപേരെ ചോദ്യം ചെയ്തെങ്കിലും ഇവര്‍ക്ക് പങ്കില്ലെന്ന് പൊലീസ് പിന്നീട് അറിയിച്ചിരുന്നു.

ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുളള വിശദമായ അന്വേഷണത്തിലാണ് കേസില്‍ വഴിത്തിരിവുണ്ടായത്. സംഭവദിവസം ചാമുണ്ഡി മലയടിവാരത്തുണ്ടായിരുന്ന 20 സിമ്മുകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന നടത്തിയത്. ആറ് സിമ്മുകള്‍ പെണ്‍കുട്ടി പഠിക്കുന്ന കോളേജിലെ വിദ്യാര്‍ത്ഥികളുടേതാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഇതില്‍ മൂന്നൈണ്ണം കേരളത്തിലും ഒരെണ്ണം തമിഴ്നാട്ടിലും രജിസ്റ്റര്‍ ചെയ്തതാണ്.

പിറ്റേദിവസത്തെ പരീക്ഷ എഴുതാതെ രാത്രി തന്നെ നാലു വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ നിന്നും പോയതായും പൊലീസ് കണ്ടെത്തി. മൈസൂരുവില്‍ നിന്ന് പരീക്ഷ എഴുതാതെ മടങ്ങിയ മൂന്നു വിദ്യാര്‍ത്ഥികള്‍ക്കായി കേരളത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് നേരത്ത റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കേസിലെ പ്രതികളെ ഹൈദരാബാദ് മോഡലില്‍ വെടിവെച്ച് കൊല്ലണമെന്നാണ് കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമി പ്രതികരിച്ചത്. അറസ്റ്റ് ചെയ്ത് ജയിലില്‍ കിടന്ന ശേഷം ജാമ്യത്തിലിറങ്ങാന്‍ പ്രതികളെ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ സംഭവത്തിനു പിന്നാലെ പെണ്‍കുട്ടിയെ കുറ്റപ്പെടുത്തി കര്‍ണാടക ആഭ്യന്തര മന്ത്രി രംഗത്തെത്തിയിരുന്നു. പെണ്‍കുട്ടി എന്തിനാണ് രാത്രി ഇറങ്ങി നടന്നതെന്നായിരുന്നു ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞത്. അതേസമയം തീവ്രപരിചരണ വിഭാഗത്തിലുളള പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *