ഓണപൂക്കളങ്ങളിൽ നിറയും നിറമരുതൂരിലെ ചെണ്ടുമല്ലി: വിളവെടുപ്പ് ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹ്‌മാന്‍ നിര്‍വ്വഹിച്ചു


താനൂർ: കോവിഡ് പ്രതിസന്ധിക്കിടയിലെ രണ്ടാം ഓണക്കാലത്ത് വീട്ടുമുറ്റങ്ങളില്‍ പൂക്കളമൊരുക്കാന്‍ ഇത്തവണയും നിറമരുതൂരില്‍ നിന്നുള്ള പൂക്കളുണ്ട്. നിറമരുതൂര്‍ പഞ്ചായത്തിലെ ആറിടങ്ങളിലെ പൂപ്പാടങ്ങളിലെ വിളവെടുപ്പ് ആരംഭിച്ചു. വിളവെടുപ്പ് ഉദ്ഘാടനം മന്ത്രി വി അബ്ദുറഹ്‌മാന്‍ നിര്‍വ്വഹിച്ചു. നിറമരുതൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വൈസ് പ്രസിഡന്റ് കെ സജിമോള്‍ അധ്യക്ഷയായി. ഓണത്തിന് പൂക്കളമൊരുക്കാൻ മലയാളികളേറെയും പൂവുകൾക്കായ് അന്യസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. നിറമരുതൂരിലെ വ്യത്യസ്തയിടങ്ങളിലായി മൂന്നരയേക്കറോറം വരുന്ന സ്ഥലങ്ങളിൽ യുവാക്കളും കുടുംബശ്രീപ്രവർത്തകരും ഒന്നിച്ച് നടത്തിയ കൃഷി മാതൃകാപരമാണെന്നും എല്ലാവരും ഈ മാതൃക പിന്തുടരണമെന്നും കായിക വകുപ്പ് മന്തി വി. അബ്ദുറഹിമാൻ പറഞ്ഞു.
കൃഷി ഓഫീസര്‍ ഷമീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ ടി ശശി, ഇക്ബാല്‍, താനൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം നാസര്‍ പോളാട്ട്, പഞ്ചായത്തംഗങ്ങളായ പി പി സൈതലവി, ടി ശ്രീധരന്‍, പി ഇസ്മായില്‍, മനീഷ്, വാര്‍ഡ് അംഗം കെ ഹസീന സ്വാഗതം പറഞ്ഞു.
ഉണ്യാല്‍, കൊണ്ടേമ്പാട്ട് ഭഗവതി ക്ഷേത്രപരിസരം, കാളാട് വാമന മൂര്‍ത്തി ക്ഷേത്ര പരിസരം, കൊണ്ടാരംകുളങ്ങര ശിവക്ഷേത്ര പരിസരം, വള്ളിക്കാഞ്ഞീരം വള്ളിക്കുളങ്ങര ചന്ദ്രന്റെ വീട്ടുപരിസരം, പത്തമ്പാട് കല്ലിങ്ങല്‍ ഹര്‍ഷാദ് ഹുസൈന്റെ വീട്ടുപരിസരം, പാലമ്പറമ്പില്‍ അബ്ദുറഹ്‌മാന്റെ വീട്ടുപരിസരം, കാളാട് ചാരാത്ത് മാമുഹാജിയുടെ വീട്ടുപരിസരം തുടങ്ങി 12 കേന്ദ്രങ്ങളിലായാണ് പൂക്കൃഷി.
കൃഷിഭവന്റെയും കുടുംബശ്രീയുടെയും പങ്കാളിത്തത്തോടെയായിരുന്നു പൂക്കൃഷി. തൊഴിലുറപ്പ് തൊഴിലാളികള്‍, കർഷകർ എന്നിവർ ചേർന്നാണ് കൃഷി ഒരുക്കിയത്. കഴിഞ്ഞ വര്‍ഷം മുതലാണ് നിറമരുതൂരില്‍ പൂക്കൃഷി തുടങ്ങിയത്. ഇത്തവണ തൃശൂര്‍, എറണാകുളം, കൊല്ലം എന്നിവിടങ്ങളില്‍ പൂവിന് വിപണി കണ്ടെത്താനുള്ള പരിശ്രമത്തിലാണ് കര്‍ഷകരും അധികൃതരും.