ന്യൂസ് വൺ കേരള വാര്‍ത്ത തുണയായി; ബാബുവിനും കുടുംബത്തിനും വൈദ്യുതി എത്തിക്കാന്‍ നടപടി തുടങ്ങി


റിപ്പോർട്ട് : ഇഖ്ബാൽ പാലത്തിങ്ങൽ
തിരൂരങ്ങാടി: എട്ടു വര്‍ഷമായി വീട്ടില്‍ വൈദ്യുതിയില്ലാതെ ദുരിതത്തിലായ തിരൂരങ്ങാടി കരിപറമ്പ് കോട്ടുവലക്കാട് ചിറക്കല്‍ വീട്ടില്‍ ബാബുവിന്റെ കുടുംബത്തിന് “ന്യൂസ് വൺ കേരള” നൽകിയ വാര്‍ത്ത തുണയായി. കുടുംബത്തിന്റെ പ്രയാസങ്ങള്‍ അധികൃതരുടെ മുന്നിലെത്തിയപ്പോള്‍ പ്രശ്ന പരിഹാരത്തിന് നടപടിയായി. വൈദ്യുതിയില്ലാത്ത വീട്ടില്‍ വൈദ്യുതിയുണ്ടെന്ന് രേഖപ്പെടുത്തി സിവില്‍ സപ്ലൈസ് അധികൃതര്‍ അനുവദിച്ച റേഷന്‍ കാര്‍ഡ് വൈദ്യുതി ലഭിക്കുന്നതിന് തടസ്സമായിരുന്നു.. ഓട്ടോയുടെ ബാറ്ററിയില്‍ നിന്ന് വൈദ്യുതിയെടുത്താണ് രാത്രികാലങ്ങളില്‍ കുട്ടികളുടെ പഠനത്തിനും മറ്റ് വീട്ടാവശ്യങ്ങള്‍ക്കുമായി ബാബു വര്‍ഷങ്ങളായി വെളിച്ചമെടുത്തിരുന്നത്.
ഇവരുടെ ദുരിതങ്ങൾ സംബന്ധിച്ചു കഴിഞ്ഞ ദിവസം “ന്യൂസ് വൺ കേരള” വാര്‍ത്തയാക്കിയിരുന്നു. ഇതോടെ തിരൂരങ്ങാടി തഹസില്‍ദാര്‍ പി.എസ്. ഉണ്ണികൃഷ്ണൻ, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ പി. പ്രശാന്ത്, കെ.കെ. സുധീഷ്കുമാര്‍, തിരൂരങ്ങാടി വില്ലേജ് ഓഫീസര്‍ അബ്ദുള്‍സലാം കുന്നുമ്മൽ എന്നിവർ സ്ഥലം സന്ദർശിച്ചു. വീട് വൈദ്യുതീകരിച്ചെന്ന് റേഷന്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയത് തെറ്റാണെന്ന് ബോധ്യപ്പെട്ടതിനാല്‍ വീട് വൈദ്യുതീകരിച്ചിട്ടില്ലെന്ന വില്ലേജ് ഓഫീസര്‍ സാക്ഷ്യപത്രവും നല്കി. സ്കൂള്‍ വിദ്യാര്‍ത്ഥികളായ ഇവരുടെ മൂന്നു മക്കളുടെ പഠനം വീട്ടില്‍ വൈദ്യുതിയില്ലാത്തതിനാല്‍ ഏറെ പ്രതിസന്ധിയിലായിരുന്നു. ഈയൊരു പ്രശ്നത്തിനും പരിഹാരമായി.

കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ മൊബൈല്‍ ഫോണ്‍ ഇല്ലാത്തതിനാലുള്ള ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ട പൊതുപ്രവര്‍ത്തകരും ഇവര്‍ക്ക് സഹായവുമായി രംഗത്തുവന്നിട്ടുണ്ട്. റേഷന്‍ കാര്‍ഡിലെ പിഴവ് പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും എത്രയും വേഗം വൈദ്യുതി ലഭ്യമാക്കാന്‍ കെ.എസ്.ഇ.ബി നടപടികള്‍ സ്വീകരിച്ചിവരികയാണെന്നും തഹസില്‍ദാര്‍ പിഎസ് ഉണ്ണികൃഷ്ണന് പറഞ്ഞു. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിന് ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതിന് കുടുംബ വീടുകളില്‍ പേകേണ്ട അവസ്ഥയുമായിരുന്നു. തിരൂരങ്ങാടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ മോളി ടീച്ചറും സഹപ്രവര്‍ത്തകരും നല്കിയ ഇവർക്ക് തുണയായി. വീട്ടിലേക്ക് വൈദ്യുതി എത്തിക്കാന്‍ നാല് ഇലക്ട്രിക്ക് പോസ്റ്റുകളും കെഎസഇബി സ്ഥലത്തെത്തിച്ച് പ്രവൃത്തിയും തുടങ്ങിയതോടെ സന്തോഷത്തിലാണ് ഈ കുടുംബം.