അധ്യാപകരുടെ കുറവ് പരിഹരിക്കാൻ നടപടി വേണം: കെ.എ.ടി.എഫ്


പരപ്പനങ്ങാടി : പരപ്പനങ്ങാടി ഉപജില്ലയിലെ അധ്യാപകരുടെ കുറവ് പരിഹരിക്കാൻ നടപടി വേണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ പരപ്പനങ്ങാടി ഉപജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പഠനം ഓൺലൈനിലാണെന്ന കാരണത്താൽ കഴിഞ്ഞ ഒന്നര വർഷത്തോളം അധ്യാപക നിയമനങ്ങൾ ഒന്നും നടന്നിട്ടില്ല. രണ്ടു വർഷത്തെ റിട്ടയർമെൻ്റ് വേക്കൻസികൾ ഉൾപ്പെടെ ധാരാളം ഒഴിവുകൾ ഉപജില്ലയിലുണ്ട്.
ഓഫ് ലൈനായി ക്ലാസ് നടക്കുന്നതിനേക്കാൾ അധ്യാപക സാന്നിധ്യം ആവശ്യമുള്ള മേഖലയാണ് ഓൺലൈൻ ക്ലാസുകൾ. കുട്ടികൾക്ക് യഥാസമയം ക്ലാസുകൾ നൽകാനും പഠന പ്രവർത്തനങ്ങൾ വിലയിരുത്താനും മുഴുസമയ അധ്യാപക സാന്നിധ്യം ആവശ്യമാണ്. ഈ ഘട്ടത്തിൽ ഹെഡ്മാസ്റ്റർ തസ്തികകൾ പല വിദ്യാലയങ്ങളിലും ഒഴിഞ്ഞ് കിടക്കുന്നുണ്ട്. പ്രൊമോഷൻ ലിസ്റ്റ് ഉണ്ടായിട്ടും നിയമന നടപടികൾ ഒന്നും തന്നെ നടക്കുന്നില്ല. ഓൺലൈൻ പഠനം നിസ്സാരവത്ക്കരിച്ചാൽ കുട്ടികളുടെ നിലവാരത്തകർച്ച പരിഹരിക്കാൻ കഴിയാത്ത അവസ്ഥയിലാവും. ദിവസ വേതനത്തിലെങ്കിലും അധ്യാപകരെ നിയമിക്കാനുള്ള നടപടികൾ അടിയന്തിരമായി നിർവ്വഹിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ഉപജില്ലാ പ്രസിഡൻ്റ് എം.സിദ്ധീഖ് അധ്യക്ഷത വഹിച്ചു.
ഉപജില്ല തല മെമ്പർഷിപ്പ് കാമ്പയിനിൻ്റെ ഉൽഘാടനം പരപ്പനങ്ങാടി മുനിസിപ്പൽ ചെയർമാൻ എ. ഉസ്മാൻ നിർവ്വഹിച്ചു. ചടങ്ങിൽ ടി.പി. അബ്ദുറഹീം, റനീസ് പാലത്തിങ്ങൽ, മുജാഹിദ് പരപ്പനങ്ങാടി , കെ.എം.സിദ്ധീഖ്, മുജീബ് ചുള്ളിപ്പാറ, അബ്ദുസ്സലാം സംബന്ധിച്ചു. സെക്രട്ടറി മുനീർ താനാളൂർ സ്വാഗതവും, ട്രഷറർ നസീർ പാലത്തിങ്ങൽ നന്ദിയും പറഞ്ഞു.