NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ കോവിഡ് ഇതര കിടത്തി ചികിത്സയില്ലെന്ന്: സമരത്തി നൊരുങ്ങി മുസ്‌ലിം യൂത്ത്‌ ലീഗ്

തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയില്‍ കോവിഡ് ഇതര കിടത്തി ചികില്‍സ നിര്‍ത്തിയതായി ആക്ഷേപം. ആശുപത്രിയില്‍ ചികിത്സക്കെത്തുന്ന രോഗികളെ മറ്റു ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്നതായാണ് ആക്ഷേപം. കിടത്തി ചികിത്സക്ക് സ്ഥല സൗകര്യമില്ലെന്ന് പറഞ്ഞാണ് രോഗികളെ റഫര്‍ ചെയ്യുന്നത്. കോവിഡ് രോഗികള്‍ക്കും കുറച്ച് പ്രസവ കേസുകള്‍ക്കും മാത്രമേ ഇപ്പോള്‍ താലൂക്ക് ആശുപത്രിയില്‍ കിടത്തി ചികില്‍സ നൽകുന്നുള്ളൂ എന്നാണ് വിവരം. താലൂക്ക്  ആശുപത്രിയില്‍ കോവിഡ് ചികില്‍സ സൗകര്യം വര്‍ധിപ്പിച്ചതോടെ മറ്റു രോഗികളെ പ്രവേശിപ്പിക്കുന്നതിന് സ്ഥലപരിമിതി പറഞ്ഞ് രോഗികളെ മടക്കുന്നതിരെ പ്രതിഷേധം ശക്തമാണ്.

 

പനിയും മറ്റും രോഗങ്ങളും ബാധിച്ച്  ആശുപത്രിയിലെത്തുന്നവരെ മറ്റു  ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയാണ്. കഴിഞ്ഞ ദിവസം എല്ല് പൊട്ടി താലൂക്ക്  ആശുപത്രിയിലെത്തിയ നന്നമ്പ്ര പാണ്ടിമുറ്റം സ്വദേശി കെ.പി അഷ്‌റഫിനെ ചികില്‍സ നല്‍കാതെ മടക്കി അയച്ചിരുന്നത്രെ. ഓപ്പറേഷനും മറ്റും എല്ലാ സൗകര്യമുണ്ടായിട്ടും കിടത്തി ചികില്‍സക്ക് സൗകര്യമില്ലെന്ന് പറഞ്ഞാണ് മടക്കിയത്. ഇത്തരത്തില്‍ അമ്പതിലേറെ രോഗികളെ ഈ കോവിഡ് കാലയളലവില്‍ മടക്കിയതായാണ് വിവരം. ഇവിടെ കോവിഡ് ചികില്‍സക്കായി 220 ബെഡുകളുടെ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ഡി.ഇ.ഐ.സി കെട്ടിടത്തിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള കെട്ടിടത്തിലുമായാണ് സൗകര്യം ചെയ്തിരിക്കുന്നത്.

 

അവയില്‍ മുക്കാല്‍ ഭാഗത്തും ഇത് വരെ രോഗികളെ പ്രവേശിപ്പിച്ചിട്ടില്ല. നാളിതുവരെ കോവിഡ് ചികില്‍സക്ക് ഒരേ സമയം നൂറ് രോഗികള്‍ പോലും വന്നിട്ടില്ലെന്നാണ്  ആശുപത്രിയില്‍ നിന്നും ലഭിച്ച വിവരം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കോവിഡ് രോഗികളടക്കം 32 പേരാണ് നിലവില്‍  ആശുപത്രിയില്‍ കോവിഡ് ചികില്‍സയിലുള്ളത്. ആശുപത്രി കെട്ടിടങ്ങളെല്ലാം കോവിഡ് ചികില്‍സക്കായി മാറ്റി വെച്ചതിലൂടെ മറ്റു സാധാരണ രോഗികള്‍ക്ക് ലഭിക്കേണ്ട ചികിത്സ  നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് ഇവിടെയുള്ളത്. മുമ്പ് കോവിഡ് പരിശോധന നടത്തിയിരുന്ന ഓടിട്ട കെട്ടിടം ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുകയാണ്.

 

നേരത്തെ ജനറല്‍ വാര്‍ഡുണ്ടായിരുന്ന ഭാഗത്തേക്ക് ലാബ് മാറ്റിയിട്ടുണ്ടെങ്കിലും അതിന്റെ മുകളിലെ നിലയും താഴത്തെ ഒരു ഭാഗവും ഒഴിഞ്ഞു കിടക്കുന്നുണ്ട്. അതോടപ്പം പേ വാര്‍ഡ്, മുമ്പ് ലാബ് പ്രവര്‍ത്തിച്ചിരുന്ന സ്ഥലം എന്നിവയെല്ലാം ഒഴിഞ്ഞു കിടന്നിട്ടാണ് സ്ഥല പരിമിതിയുടെ  കാരണം പറഞ്ഞ് രോഗികള്‍ക്ക് കിടത്തി ചികില്‍സ നിഷേധിക്കപ്പെടുന്നത്. 31 ഡോക്ടര്‍മാരും 57 നെഴ്‌സുമാരുമടക്കം 144 ജീവനക്കാര്‍ കോവിഡ് ഇതര ചികിത്സക്കും, പത്ത് ഡോക്ടറും 20 നെഴ്‌സുമാരടക്കം കോവിഡ് ചികിത്സക്കും  ആശുപത്രിയില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് വിവരം. ഡയാലിസിസ് ജീവനക്കാര്‍, മറ്റു ലാബ് ജീവനക്കാര്‍, ഓഫീസ് ജീവനക്കാര്‍ എന്നിവര്‍ക്ക് പുറമെയാണ് ഇതെന്നത് രേഖകളിലുണ്ട്. എല്ലാ പോസ്റ്റിലുമായി പത്തില്‍ താഴെ മാത്രം ജീവനക്കാരുടെ കുറവാണ് ആശുപത്രിയിലുള്ളത്.

താലൂക്ക് ആശുപത്രിയിലെ കിടത്തി ചികിത്സ രണ്ട് ദിവസത്തിനകം ആരംഭിക്കണം; സമരത്തിനൊരുങ്ങി മുസ്‌ലിം യൂത്ത്‌ലീഗ്

തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയിൽ രണ്ട് ദിവസത്തിനകം കോവിഡ് ഇതര കിടത്തി ചികില്‍സ ആരംഭിക്കണമെന്ന്  തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റിആവശ്യപ്പെട്ടു. എല്ലാ സൗകര്യങ്ങളുണ്ടായിട്ടും സ്ഥലപരിമിതിയുടെ പേര് പറഞ്ഞു നാട്ടുകാര്‍ക്ക് ചികിത്സ നിഷേധിക്കപ്പെടുന്നത് അംഗീകരിക്കാനാകില്ല. ഡി.ഐ.സി കെട്ടിടവും സ്ത്രീകളുടെയും കുട്ടികളുടെയും കെട്ടിടത്തിന്റെ മൂന്ന്, നാല് നിലകള്‍ മാത്രം കോവിഡ് ഐ.പിക്കായി ഉപയോഗപ്പെടുത്തിയാല്‍ തന്നെ 168 ബെഡുകളുണ്ടാകും.
ഈ കെട്ടിടത്തിലെ തന്നെ ഒന്നാം നിലയില്‍ 35 ബെഡുകള്‍ സജീകരിച്ചിട്ടുണ്ട്. അത് സാധാരണ ഐ.പിക്ക് വിട്ടു നല്‍കണം. മറ്റു കെട്ടിടങ്ങള്‍ കൂടി ഉപയോഗപ്പെടുത്തി അടിയന്തിരമായി കോവിഡ് ഇതര ഐ.പി ആരംഭിക്കണമെന്നും മുസ്‌ലിം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി യു.എ റസാഖ് ആശുപത്രി സുപ്രണ്ടിനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ സെക്രട്ടറി ഷരീഫ് വടക്കയില്‍, നവാസ് ചെറമംഗലം, അയ്യൂബ് തലാപ്പില്‍, ജാഫര്‍ കുന്നത്തേരി സംബന്ധിച്ചു.

Leave a Reply

Your email address will not be published.