ന്യൂനപക്ഷ അനുപാതം റദ്ദാക്കല്‍; സര്‍വകക്ഷി യോഗം വിളിച്ച് സര്‍ക്കാര്‍


തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ കേരള ഹൈക്കോടതി വിധിയെ തുടര്‍ന്നുണ്ടായ സാഹചര്യം ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷിയോഗം വിളിച്ചു. വെള്ളിയാഴ്ച വൈകീട്ട് 3. 30 ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം. നേരത്തെ സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളില്‍ 80:20 അനുപാതം അനുവദിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു.
ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുമ്പോള്‍ ജനസംഖ്യാനുപാതികമായി തുല്യത പാലിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. 80 ശതമാനം മുസ്‌ലീം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതത്തിലായിരുന്നു ഇതുവരെ ക്ഷേമ പദ്ധതികള്‍. ഈ അനുപാതമാണ് ഇപ്പോള്‍ റദ്ദ് ചെയ്തിരിക്കുന്നത്. ഇപ്പോഴത്തെ ജനസംഖ്യാ അനുസരിച്ച് ഈ അനുപാതം പുനര്‍ നിശ്ചയിക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. നിലവിലെ അനുപാതം 2015 ലാണ് നിലവില്‍ വന്നത്. ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.