കുറ്റാരോപിതര്‍ക്ക് പോലീസ് വാട്സ്ആപ്പ് വഴി സമന്‍സ് അയയ്ക്കരുതെന്ന് സുപ്രീം കോടതി

പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി : പോലീസിനും മറ്റ് അന്വേഷണ ഏജന്‍സികള്‍ക്കും മുന്നില്‍ ഹാജരാകാന്‍ കുറ്റാരോപിതര്‍ക്കു വാട്സ്ആപ്പ് വഴിയോ മറ്റ് ഇലക്ട്രോണിക് മാര്‍ഗങ്ങള്‍ വഴിയോ നോട്ടീസ് അയയ്ക്കരുതെന്നു സുപ്രീം കോടതി.
ഇലക്ട്രോണിക് മാര്‍ഗങ്ങള്‍ വഴി നോട്ടീസ് അയക്കാന്‍ പോലീസിനെ അനുവദിക്കണ മെന്നാവശ്യപ്പെട്ടു ഹരിയാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി തള്ളിക്കൊണ്ടാണു വിധി.പുതിയ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത സമന്‍സും വാറന്റും ഇലക്ട്രോണിക് മാര്‍ഗത്തില്‍ അയയ്ക്കാന്‍ കോടതികള്‍ക്ക് അനുവാദം നല്‍കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹരിയാനയുടെ വാദം.
എന്നാല്‍, ജുഡീഷ്യല്‍ നടപടികള്‍ നിര്‍ദേശിച്ചിരിക്കുന്ന കാര്യം എക്സിക്യൂട്ടീവ് നടപടികള്‍ക്കു ബാധകമാക്കേണ്ടതില്ലെന്നു ജസ്റ്റിസ് എം.എം. സുന്ദരേഷ്, എന്‍.കെ. സിങ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
വ്യക്തിയുടെ സ്വാതന്ത്ര്യത്തെയും ബാധിക്കുന്ന വിഷയമാണിത്.സമന്‍സ് അനുസരിച്ച് ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യപ്പെടാനും സാധ്യതയുണ്ട്.ഈ സഹാചര്യത്തില്‍ സമന്‍സ് കുറ്റാരോപിതര്‍ക്കു നേരിട്ടു നല്‍കുകയാണ് ഉചിതം. കോടതി വ്യക്തമാക്കി. പതിവ് സേവന രീതി അനുസരിച്ചു വ്യക്തിക്കു നേരിട്ട് സമന്‍സ് അയക്കണമെന്നായിരുന്നു കോടതിയെ സഹായിക്കാന്‍ അമിക്കസ് ക്യൂറിയായി നിയമിച്ച മുതിര്‍ന്ന അഭിഭാഷകന് സിദ്ധാര്‍ത്ഥ് ലുത്രയുടെയും നിലപാട്.