അശ്രദ്ധമായി വാഹനം ഓടിച്ചുണ്ടാകുന്ന അപകട മരണങ്ങളിൽ ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകേണ്ടതില്ല; സുപ്രീംകോടതി


അശ്രദ്ധമായി വാഹനമോടിച്ചുണ്ടാകുന്ന അപകട മരണങ്ങളിൽ ബന്ധുക്കൾക്ക് ഇൻഷുറൻസ് കമ്പനികൾ നഷ്ടപരിഹാരം നൽകേണ്ടതില്ലെന്ന് ഉത്തരവുമായി സുപ്രീം കോടതി. അമിത വേഗത്തിൽ കാറോടിച്ച് അപകടത്തിൽപ്പെട്ട് മരിച്ചയാളുടെ കുടുംബത്തിന് 80 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം തള്ളികൊണ്ടാണ് കോടതിയുടെ പ്രസ്താവന.
പി.എസ് നരസിംഹ, ആർ മാധവൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് തീരുമാനത്തിനു പിന്നിൽ. നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് അപകടത്തിൽ മരിച്ച ആളുടെ ബന്ധുക്കൾ നൽകിയ ഹരജി നിരസിച്ച കർണാടക ഹൈക്കോടതിയുടെ തീരുമാനത്തിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു.
2014 ജൂൺ18നാണ് എൻ. രവിഷ കാറപകടത്തിൽ മരിച്ചത്. അപകട സമയത്ത് പിതാവും സഹോദരിയും കുട്ടികളും വാഹനത്തിനുള്ളിലുണ്ടായിരുന്നു.
രവിഷ ഗതാഗത നിയമങ്ങൾ പാലിക്കാതെ വളരെ അശ്രദ്ധമായി വാഹനം ഓടിച്ചതിനെതുടർന്ന് കാർ മറിയുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
സ്വന്തം തെറ്റു കാരണം വരുത്തി വെച്ച അപകടത്തിന് നഷ്ട പരിഹാരം നൽകാൻ കഴിയില്ലെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.