മലപ്പുറത്തുള്ള കാമുകിയെ കാണാനായി എറണാകുളത്ത് നിന്ന് ബൈക്ക് മോഷ്ടിച്ചെത്തി; യുവാവും സുഹൃത്തും പോലീസിൻ്റെ പിടിയിൽ
1 min read

കാമുകിയെ കാണാൻ എറണാകുളത്ത് നിന്നും ബൈക്ക് മോഷ്ടിച്ച് മലപ്പുറത്തെത്തിയ യുവാവും സുഹൃത്തും പിടിയിൽ. കാഞ്ഞിരപ്പള്ളി സ്വദേശികളായ അജ്‌മൽ ഷാജഹാൻ(25), ശ്രീജിത്ത് (19) എന്നിവരാണ് കുറ്റിപ്പുറം പൊലീസിന്റെ പിടിയിലായത്. ബൈക്കിന്റെ രണ്ട് നമ്പർ പ്ലേറ്റുകളും ഊരി മാറ്റിയാണ് മോഷ്ടാക്കൾ ബൈക്കുമായി കടന്നത്.
തിങ്കളാഴ്ച രാത്രിയാണ് എറണാകുളത്തുനിന്ന് നിർത്തിയിട്ട പൾസർ ബൈക്കുമായി മലപ്പുറത്തെ കാമുകിയെ കാണാൻ ഇരുവരും പോയത്. ചൊവ്വാഴ്ച കുറ്റിപ്പുറം പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടയിൽ വാഹനം പിടികൂടുകയായിരുന്നു. എസ് ഐ അയ്യപ്പൻ, സിപിഒ രഘു എന്നിവർക്ക് തോന്നിയ സംശയമാണ് പ്രതികളെ പിടികൂടാൻ കാരണമായത്.
പൊലീസിനെ കണ്ട് വെട്ടിച്ച് പോകാൻ ശ്രമിച്ചെങ്കിലും വാഹനം കുറുകെ ഇട്ട് പ്രതികളെ പിടികൂടി. ഇതിനിടെ ബൈക്കിന്റെ പിൻസീറ്റിലിരുന്ന യുവാവ് ഓടിരക്ഷപ്പെട്ടെങ്കിലും കുറ്റിപ്പുറം പൊലീസ് തന്ത്രപരമായി ഇയാളെ വിളിച്ചുവരുത്തുകയായിരുന്നു. ബൈക്കിന്റെ ഇൻഡിക്കേറ്റർ പവർ യൂണിറ്റിൽ സേഫ്റ്റി പിൻ കുത്തിയിറക്കിയാണ് പ്രതികൾ ബൈക്ക് സ്റ്റാർട്ട് ചെയ്തത്. കുറ്റിപ്പുറം പൊലീസ് വാഹനത്തിന്റെ ഉടമയെ വിളിച്ചപ്പോഴാണ് ബൈക്ക് മോഷണം പോയ വിവരം അറിയുന്നത്.
വാഹനം മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. എസ്ഐ കെ ഗിരി, എസ്ഐ സുധീർ, എസ്ഐ അയ്യപ്പൻ, സിപിഒ രഘു എന്നിവരുടെ ചോദ്യം ചെയ്യലിൽ ഇവർക്കെതിരെ മറ്റ് കേസുകൾ ഉള്ളതായും കണ്ടെത്തി. കേസിലെ രണ്ടു പ്രതികൾക്കും ഇടപ്പള്ളി, കോട്ടയം എന്നീ പൊലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകളുണ്ട്. പ്രതികളെ തിരൂർ ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മുമ്പ് പത്തനംതിട്ടയിലും സമാനമായ സംഭവമുണ്ടായിരുന്നു. കുറ്റിപ്പുറത്ത് നിന്ന് മോഷ്ടിച്ച ഓട്ടോയുമായെത്തി പത്തനംതിട്ടയിലും മോഷണത്തിന് ശ്രമിച്ചയാളെ പിടികൂടിയിരുന്നു. കുറ്റിപ്പുറം സ്വദേശി അനന്തകൃഷ്ണനാണ് അന്ന് അറസ്റ്റിലായത്. മോഷ്ടിച്ച ഓട്ടോയുമായി കാമുകിക്കൊപ്പം പത്തനംതിട്ടയിലൂടെ യാത്ര ചെയ്യുമ്പോഴായിരുന്നു അറസ്റ്റ്. പത്തനംതിട്ടയിൽ മോഷണ ശ്രമവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണമാണ് ഇയാളിലേക്കെത്തിച്ചത്.
മെയ് 30-ന് വാഴമുട്ടം സെന്റ് ബഹനാൻ പള്ളിയിലെ കുരിശടിയുടെ ചില്ല് തകർത്ത നിലയിൽ കാണപ്പെട്ടു. മോഷണശ്രമത്തിന് കോ കേസെടുത്ത പൊലീസ് സിസിടിവി പരിശോധിച്ചപ്പോൾ ഓട്ടോറിക്ഷയിൽ വന്നയാളാണ് പ്രതിയെന്ന് മനസിലാക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് അന്വേഷണം സജീവമാക്കിയത്.