ഒരു വയസുകാരന്റെ മരണം: പ്രാഥമിക പോസ്‌റ്റ്മോർട്ടം റിപ്പോർട്ട് വന്നു; കുഞ്ഞിന് മഞ്ഞപിത്തം ബാധിച്ചിരുന്നെന്ന്..!

പ്രതീകാത്മക ചിത്രം

കോട്ടക്കൽ കാടാമ്പുഴ പാങ്ങിൽ രക്ഷിതാക്കൾ ചികിത്സ നിഷേധിച്ചെന്ന് ആരോപണമുയർന്ന ഒരു വയസുകാരൻ്റെ മരണം മഞ്ഞപിത്തം ബാധിച്ചതിനെ തുടർന്നെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്.
ആന്തരിക അവയവങ്ങളുടെ രാസപരിശോധന ഫലം കൂടി ലഭിച്ചതിന് ശേഷം പൊലീസ് തുടർനടപടികളിലേക്ക് കടക്കും.
രണ്ടു ദിവസത്തിനകം ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം ലഭിക്കുമെന്നാണ് വിവരം. കുഞ്ഞിന് നേരത്തെ മഞ്ഞപിത്തമുണ്ടായിരുന്നുവെന്ന് മാതാപിതാക്കൾ തന്നെ പൊലീസിന് മൊഴി നൽകിയിരുന്നു.
അസുഖം മാറിയതാണെന്നാണ് പൊലീസിനോട് ഇവർ പറഞ്ഞത്.
മഞ്ഞപിത്തം ബാധിച്ചപ്പോൾ കുഞ്ഞിന് മതിയായ ചികിത്സ നൽകിയിരുന്നില്ല. വീട്ടിൽ നിന്നുള്ള ചികിത്സ മാത്രമാണ് കുഞ്ഞിന് നൽകിയത്. അതിനാൽ തന്നെ നേരത്തെയുള്ള രോഗം തന്നെയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
മാതാപിതാക്കള്‍ ചികിത്സ നിഷേധിച്ചതിനാലാണ് കുഞ്ഞ് മരിച്ചതെന്ന ആരോപണം ഉയർന്നതിനാലാണ് മറവു ചെയ്ത മയ്യിത്ത് ഖബർ തുറന്ന് വീണ്ടുമെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തിയത്. ശേഷം വീണ്ടും ഖബറടക്കുകയും ചെയ്തിരുന്നു.