കുറ്റകൃത്യങ്ങളിൽ ഉൾപെട്ടവർക്ക് ഇനി ബസുകളിൽ ജോലി ലഭിക്കില്ല
1 min read
പ്രതീകാത്മക ചിത്രം

കുറ്റകൃത്യങ്ങളിലുൾപ്പെട്ടവരെ സ്വകാര്യബസുകളുൾപ്പെടെ സ്റ്റേജ് കാരേജുകളിൽ ജീവനക്കാരായി നിയമിക്കാൻ പാടില്ലെന്ന നിർദേശം നടപ്പാക്കാൻ മോട്ടോർവാഹനവകുപ്പ്.
ഡ്രൈവർമാർ, കണ്ടക്ടർമാർ, ഡോർ അറ്റൻഡർമാർ തുടങ്ങിയ ജീവനക്കാർക്ക് 12 തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്ന് തെളിയിക്കുന്ന പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. എല്ലാ ബസ് ഓപ്പറേറ്റർമാരും മേയ് 31-നകം ജീവനക്കാരുടെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ജില്ലാ ആർടി ഓഫീസർമാർക്ക് സമർപ്പിക്കണം.
സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റിയാണ് പോലീസ് ക്ലിയറൻസ് വേണമെന്ന നിബന്ധന മുന്നോട്ടുവെച്ചത്. ക്ലിയറൻസ് സർട്ടിഫിക്കറ്റിനൊപ്പം ജീവനക്കാരുടെ ഡ്രൈവിങ്, കണ്ടക്ടർ ലൈസൻസുകൾ, ആധാറിന്റെ പകർപ്പ്, ക്ഷേമനിധി രശീതിന്റെ പകർപ്പ് എന്നിവയുൾപ്പെടെയാണ് ആർടിഒയ്ക്ക് സമർപ്പിക്കേണ്ടത്.
ബസിൽ സഞ്ചരിക്കുന്ന സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കൽ ലക്ഷ്യമിട്ടാണ് നടപടി. ഗുരുതരസ്വഭാവമുള്ള കേസുകളിലുൾപ്പെട്ടവരെ ബസിൽ ചുമതലപ്പെടുത്താനാകില്ല. സ്ഥലം അതിർത്തിത്തർക്കം, കുടുംബകോടതി വ്യവഹാരങ്ങൾ, രാഷ്ട്രീയജാഥകളുടെ പേരിലുള്ള കേസുകൾ, സിവിൽ കേസുകൾ എന്നിവയിൽ ഉൾപ്പെട്ടവരെ ജീവനക്കാരായി നിയമിക്കുന്നതിന് തടസ്സമില്ല.
ബസിലെ ജീവനക്കാരൻ മാറുകയാണെങ്കിൽ ആർടിഒയെ അറിയിക്കണം. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ഇത് ഇടയ്ക്കിടെ പരിശോധന നടത്തും. വകുപ്പിന് കൈമാറിയ ജീവനക്കാരുടെ പട്ടികയിൽ ഉൾപ്പെടാത്തവർ ജോലിചെയ്യുന്നുണ്ടെങ്കിൽ നോട്ടീസ് നൽകുകയും ട്രാൻസ്പോർട്ട് അതോറിറ്റിയുടെ നിർദേശപ്രകാരം നടപടിയെടുക്കുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.