നിലമ്പൂർ- ഷൊർണൂർ പാതയിൽ പുതിയ രണ്ട് ട്രെയിനുകൾ സർവീസ് തുടങ്ങും; നിലവിലെ ട്രെയിനുകളിൽ അധിക കോച്ചുകൾ ഏർപ്പെടുത്തും..!
1 min read
പ്രതീകാത്മക ചിത്രം

നിലമ്പൂർ – ഷൊർണൂർ റെയിൽപാതയിൽ പുതിയ രണ്ട് ട്രെയിനുകൾ സർവീസ് തുടങ്ങും. ഇതുസംബന്ധിച്ച് ദക്ഷിണ റെയിൽവേ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് ശുപാർശ നൽകിയിട്ടുണ്ടെന്ന് ജനറൽ മാനേജർ, ഇ.ടി. മുഹമ്മദ് ബഷീർ എംപിക്ക് രേഖാമൂലം അറിയിപ്പു നൽകി.
ഈ റൂട്ടിൽ വൈദ്യുതീകരണം പൂർത്തീകരിച്ച് ട്രെയിനുകൾ ഓടിത്തുടങ്ങുകയും പ്ലാറ്റ്ഫോമുകളുടെ നീളം വർധിപ്പിക്കുകയുംചെയ്ത പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. നിലവിൽ സർവീസ് നടത്തുന്ന ട്രെയിനുകളിൽ അധിക കോച്ചുകൾ ഏർപ്പെടുത്താനും പദ്ധതിയുണ്ട്. മേലാറ്റൂർ, കുലുക്കല്ലൂർ ക്രോസിങ് സ്റ്റേഷനുകളുടെ നിർമാണം അതിവേഗത്തിൽ പുരോഗമിക്കുന്നുണ്ട്.
പുതിയ ട്രെയിൻ സർവീസ് വരുന്നത് ഷൊർണൂർ-നിലമ്പൂർ സെക്ടറിലെ യാത്രക്കാർക്ക് വലിയ ഉപകാരമാകും. മെമു സേവനങ്ങളുടെ വിപുലീകരണം റെയിൽവേ ബോർഡിന്റെ പരിധിയിൽ വരുന്നതാണ്.
66320 നമ്പർ ട്രെയിൻ നിലമ്പൂരിലേക്ക് നീട്ടാനുള്ള നിർദേശത്തിന് റെയിൽവേ ബോർഡിൻ്റെ അനുമതി നേടിയെടുക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. ഇക്കാര്യത്തിൽ കേന്ദ്ര റെയിൽവേ മന്ത്രിയെ കണ്ട് കാര്യങ്ങൾ വേഗത്തിലാക്കാൻ നടപടി സ്വീകരിക്കും.