NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മൂന്ന് കോടിയുടെ എ സി ആഡംമ്പര പന്തലിൽ കാരുണ്യം നിറഞ്ഞൊഴുകി; എല്ലാവര്‍ക്കും 10 പവൻ; മകൻ്റെ വിവാഹപന്തലില്‍ 25 നിര്‍ധന യുവതികള്‍ക്കും മാംഗല്യം..!

പതിനായിരം പേർക്കിരിക്കാവുന്ന പൂർണമായും ശീതീകരിച്ച മനോഹരമായ വിവാഹമണ്ഡപം. അഷ്റഫ് നല്‍കിയ ആഭരണപ്പെട്ടി ഏറ്റുവാങ്ങുമ്ബോള്‍ പാലക്കാട് സ്വദേശിനി ശ്രീരഞ്ജിനി വിതുമ്പി കതിർമണ്ഡപമാണെന്നു മറന്ന്.

10 പവൻ ആഭരണങ്ങളും മനോഹരമായ വസ്ത്രങ്ങളും സദ്യയുമടങ്ങുന്ന വേദിയില്‍ മംഗല്യഭാഗ്യം ലഭിച്ചൂവെന്നത് അപ്പോഴും വിശ്വസിക്കാനായിരുന്നില്ല. വരൻ രാജേഷിന്റെയും ശ്രീരഞ്ജിനിയുടെയും ഹൃദയം സന്തോഷത്തില്‍ തുളുമ്പി; കണ്ടുനിന്ന ബന്ധുക്കളുടെയും.

 

ശ്രീരഞ്ജിനിയുടെ മാത്രമല്ല, ഒരാളുടെ ഹൃദയവിശാലതകൊണ്ട് ആ വേദിയില്‍ പുതുജീവിതത്തിലേക്ക് പാദമൂന്നിയ 25 വധൂവരന്മാരുടെയും മനസ്സിലെ വികാരമായിരുന്നു അത്.

ഗൂഡല്ലൂരിലെ ജില്‍ഷിത, വയനാട്ടിലെ തസ്നി, കരിപ്പൂരിലെ അഖില, പഴയന്നൂരിലെ ഷമീമ, കവളപ്പാറയിലെ ലിയ, വടക്കാഞ്ചേരിയിലെ അജ്ന തുടങ്ങിയവരെല്ലാമുണ്ടതില്‍.

പ്രവാസി വ്യവസായിയായ കോക്കൂർ അഷറ്ഫിന്റെയും മറിയക്കുട്ടിയുടെയും മകൻ മുഹമ്മദ് ഫൈസലിന്റെയും രണ്ടത്താണി അബ്ദുള്‍ ഹാരിഫിന്റെയും സൈഫുന്നീസയുടെയും മകള്‍ സാനിയയുടെയും വിവാഹപ്പന്തലാണ് നിർധനരായ 25 യുവതികളുടെയും മംഗല്യപ്പന്തലായത്.

 

എല്ലാവരുടെയും വിവാഹം ഒരേരീതിയില്‍ നടത്തണമെന്ന് അഷ്റഫ് ആഗ്രഹിച്ചു. അതിനൊത്ത മണ്ഡപമില്ലാത്തതിനാല്‍ മൂന്നുകോടിയോളം രൂപ ചെലവഴിച്ച്‌ പാണംപടിയിലെ വയലില്‍ പന്തലൊരുക്കി. 300 ടണ്‍ എസി സ്ഥാപിച്ച്‌ തന്റെ മനസ്സുപോലെ വരുന്നവരുടെ മനസ്സിനെയും അദ്ദേഹം ശീതീകരിച്ചു.

 

പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ തുടങ്ങിയവരുടെ കാർമികത്വത്തിലായിരുന്നു നിക്കാഹ്.

മറ്റു മതസ്ഥർ അവരുടെ വിശ്വാസത്തിനനുസരിച്ച്‌ താലിചാർത്തിയും വേദിയിലെത്തി.

 

മകനും മരുമകളണിഞ്ഞ അതേ വസ്ത്രങ്ങളാണ് എല്ലാ വധൂവരന്മാർക്കും ഒരുക്കിയിരുന്നത്. വധൂവരന്മാരെ വേദിയിലേക്ക് ആനയിച്ചശേഷം അഷ്റഫും കുടുംബവും അവർക്കായി കരുതിവെച്ച ആഭരണങ്ങളുടെ പെട്ടികളും ഉപഹാരങ്ങളും കൈമാറി. എല്ലാവരെയും ഒരുമിച്ചിരുത്തി ഫോട്ടോകളും വീഡിയോകളും പകർത്തി.

 

ഓരോ കുടുംബത്തിനെയും പ്രത്യേകമിരുത്തിയുള്ള കുടുംബചിത്രങ്ങളും പകർത്തി. അഷ്റഫിനെപ്പോലൊരു സുഹൃത്ത് തനിക്കുണ്ടെന്നതില്‍ അഭിമാനിക്കുകയാണെന്ന പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ വാക്കുകള്‍ അവിടെ ഒത്തുകൂടിയവരുടെയെല്ലാം വികാരമായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!