‘മലപ്പുറത്തെക്കുറിച്ച് വിഷം തുപ്പുന്ന വെള്ളാപ്പള്ളി ഏറ്റവും വലിയ അവസരവാദി, ബിജെപിയെ പ്രീണിപ്പിച്ച് പിടിച്ചുനിൽക്കാനുള്ള അടവ്’; കെ.പി.എ മജീദ്


എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ മുസ്‌ലിം ലീഗ് നേതാവും എംഎൽഎയുമായ കെ.പി.എ മജീദ്. ബിജെപിയെ പ്രീണിപ്പിച്ച് പിടിച്ചുനിൽക്കാനുള്ള അടവ് എന്നല്ലാതെ ഈ വിഷനാവിനെക്കുറിച്ച് മറ്റൊന്നും പറയാനാകില്ലെന്നും കേരളം കണ്ട ഏറ്റവും വലിയ അവസരവാദിയുടെ പേരാണ് വെള്ളാപ്പള്ളി നടേശനെന്നും കെ.പി.എ മജീദ് പ്രതികരിച്ചു. ഫേസ്‍ബുക്കിലൂടെയാണ് വിമർശനം.
1985 മുതൽ 1987 വരെ മലപ്പുറം ജില്ലാ കലക്ടറായിരുന്നു പശ്ചിമ ബംഗാൾ സ്വദേശിയായ സയൻ ചാറ്റർജി ഐ.എ.എസ്. ഇത്രയേറെ സ്‌നേഹവും സാഹോദര്യവുമുള്ള മറ്റൊരു ജില്ല ഇന്ത്യാ രാജ്യത്തില്ല എന്നാണ് അദ്ദേഹം മലപ്പുറം ജില്ലയിൽനിന്ന് മടങ്ങുമ്പോൾ പറഞ്ഞത്.
കേസുകളിൽനിന്ന് രക്ഷപ്പെടാൻ അവസരം പോലെ ബിജെപിയെയും സിപിഎമ്മിനെയും പ്രീണിപ്പിക്കാൻ യാതൊരു മടിയുമില്ലാത്ത വ്യക്തിയാണ് വെള്ളാപ്പള്ളിയെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വിമർശിച്ചു.
കവി മണമ്പൂർ രാജൻ ബാബു തിരുവനന്തപുരത്തുകാരനാണ്. മലപ്പുറത്തോടുള്ള ഇഷ്ടം കൊണ്ടാണ് അദ്ദേഹം ജോലിയിൽനിന്ന് വിരമിച്ചിട്ടും മലപ്പുറത്ത് സ്ഥിരതാമസമാക്കിയത്. ജോലിയിൽനിന്ന് പിരിഞ്ഞിട്ടും മലപ്പുറം വിടാൻ മടിച്ച് ഈ ജില്ലയിൽത്തന്നെ ശിഷ്ടകാലം ജീവിക്കുന്ന നൂറുകണക്കിന് പേരുണ്ട്.
മലപ്പുറത്തെക്കുറിച്ച് വിഷം തുപ്പുന്നതിന് മുമ്പ് വെള്ളാപ്പള്ളിക്ക് മലപ്പുറത്തെ എസ്എൻഡിപിക്കാരോടെങ്കിലും ചോദിക്കാമായിരുന്നു. സാമാന്യബുദ്ധിയുള്ള ഒരു മലപ്പുറത്തുകാരനും നിങ്ങളെപ്പോലെ സംസാരിക്കില്ല. വെള്ളാപ്പള്ളിയുടെ പ്രശ്‌നം സാമാന്യബുദ്ധിയുടേതല്ല എന്ന് മലയാളികൾക്ക് അറിയാമെന്നും കെ.പി.എ മജീദ് കൂട്ടിച്ചേർത്തു.