വലിയ സന്തോഷത്തിന്റെ ചെറിയ പെരുന്നാൾ; പള്ളികളിലും ഈദ്ഗാഹുകളിലും നമസ്കാരം; ലഹരിമുക്ത രാജ്യത്തിനായി പ്രതിജ്ഞ


അന്നപാനീയങ്ങൾ വെടിഞ്ഞും ആരാധനാ കർമങ്ങളിൽ മുഴുകിയും നിരാലംബരെ സഹായിച്ചും നേടിയെടുത്ത ആത്മചൈതന്യത്തിൽ ഇസ്‌ലാം മതവിശ്വസികൾക്ക് ഇന്ന് ഈദുൽ ഫിത്ർ. വ്രതവിശുദ്ധിയുടെ നിറവിൽ സഹോദര്യത്തിന്റെയും സമഭാവനയുടെയും സന്ദേശങ്ങൾ വിളംബരം ചെയ്യുന്ന ദിനമാണ് ചെറിയ പെരുന്നാൾ.
പുതിയ വസ്ത്രങ്ങളണിഞ്ഞും ഈദ് ഗാഹുകളിൽ പങ്കെടുത്തും മധുരം പങ്കിട്ടും സൗഹൃദങ്ങൾ പുതുക്കിയും ബന്ധുക്കളെ സന്ദർശിച്ചും വിശ്വാസികൾ പെരുന്നാൾ കൊണ്ടാടുന്നു.
ജീവിതയാത്രയിൽ സംഭവിച്ച പാപങ്ങൾ കഴുകിക്കളയാനും സർവശക്തന്റെ പ്രീതി കരസ്ഥമാക്കാനും വിശ്വാസികൾ റമസാനിന്റെ പകലിരവുകളിൽ നോമ്പുനോറ്റ് ഹൃദയമുരുകി പ്രാർഥിച്ചു. മനസ്സും ശരീരവും വെൺമയുള്ളതാക്കി പുത്തൻ ഉണർവോടെ ഓരോ വിശ്വാസിയും റമസാനോട് വിട പറഞ്ഞ് ശവ്വാൽ മാസത്തിലേക്ക് കടക്കുകയും ഈദുൽ ഫിത്ർ ആഘോഷിക്കുകയും ചെയ്യുന്നു.
രാവിലെ ഏഴു മണി മുതൽ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പെരുന്നാൾ നമസ്കാരം നടത്തി. സാഹോദര്യത്തിന്റെ സന്ദേശം പകർന്ന് പലയിടത്തും സംയുക്തമായാണ് പെരുന്നാൾ നമസ്കാരം നടത്തിയത്.
കോഴിക്കോട് ബീച്ച് ഓപ്പൺ സ്റ്റേജിന് സമീപം, പെരുമണ്ണ സിൻസിയർ ഫുട്ബോൾ ടർഫ്, എരഞ്ഞിക്കൽ കാട്ടുകുളങ്ങര കാച്ചിലാട്ട് സ്കൂൾ ഗ്രൗണ്ട്, പുറക്കാട്ടിരി ഹിൽടോപ്പ് പാർക്കിങ് ഗ്രൗണ്ട്, മെഡിക്കൽ കോളജ് റഹ്മാനിയ സ്കൂൾ ഗ്രൗണ്ട്, വെള്ളിമാടുകുന്ന് സലഫി മസ്ജിദ്, നടക്കാവ് ജില്ലാ മസ്ജിദ്, വെള്ളിമാടുകുന്ന് ജെഡിടി ഇസ്‌ലാം കൺവൻഷൻ സെന്റർ, ബേപ്പൂർ മെയിൻ റോഡ് ടർഫ് ഗ്രൗണ്ട്, കോഴിക്കോട് മർകസ് കോംപ്ലക്സ് മസ്ജിദ്, കാരപ്പറമ്പ് ജുമഅത്ത് പള്ളി എന്നിവിടങ്ങളിൽ പെരുന്നാൾ നമസ്കാരം നടത്തി. കുട്ടികളും മുതിർന്നവരുമുൾപ്പെടെ നൂറുകണക്കിനാളുകളാണ് പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുക്കുകയും ആശംസകൾ കൈമാറുകയും ചെയ്തത്.
കെഎൻഎം സംസ്ഥാനത്തിനകത്തും പുറത്തുമായി സംഘടിപ്പിച്ച ഈദ് ഗാഹുകളിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. രണ്ടായിരത്തിലേറെ ഈദ് ഗാഹുകളിലായി സ്ത്രീകളും കുട്ടികളുമടക്കം ലക്ഷങ്ങളാണ് പങ്കെടുത്തത്. പെരുന്നാൾ ഖുതുബകളിലും ലഹരിക്കെതിരായി സമൂഹത്തിന്റെ ജാഗ്രത വേണമെന്ന ബോധവത്കരണവുമുണ്ടായി.
കൊച്ചിയിൽ മറൈൻ ഡ്രൈവിലും കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലുമായിരുന്നു പ്രധാന ഈദ് ഗാഹുകൾ. ഗ്രേറ്റർ കൊച്ചി ഈദ് ഗാഹ് കമ്മിറ്റിയാണ് മറൈൻ ഡ്രൈവിൽ ഈദ് ഗാഹ് സംഘടിപ്പിച്ചത്. 7.15ന് പ്രഭാഷകനും എഴുത്തുകാരനുമായ സദറുദ്ദീൻ വാഴക്കാട് ഇവിടെ നമസ്കാരത്തിന് നേതൃത്വം നൽകി. കലൂർ ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 7.15ന് കലൂർ സ്റ്റേഡിയത്തിൽ നടന്ന ഈദ് ഗാഹ് നമസ്കാരത്തിന് പ്രമുഖ പണ്ഡിതനും പ്രബോധകനുമായ സുബൈർ പീടിയേക്കൽ നേതൃത്വം നൽകി.
ഖത്തീബുമാരുടെ ഖുതുബ കൂടി ശ്രവിച്ചാണ് വിശ്വാസികൾ നമസ്കാരത്തിനു ശേഷം മടങ്ങിയത്. സമൂഹത്തിൽ മദ്യം, ലഹരി മരുന്ന് പോലുള്ള സാമൂഹിക തിന്മകൾക്കെതിരെ പോരാട്ടം ശക്തമാക്കാനുള്ള മനസ്സുറപ്പോടെയും ആത്മചൈതന്യം നിലനിർത്തി നല്ല നാളേക്കായി പോരാടാനുമുള്ള വാക്കുകൾ ശ്രവിച്ചാണ് വിശ്വാസികളുടെ മടക്കം.