ബേപ്പൂരിൽ ആവേശത്തിരയിളക്കം; വാട്ടർ ഫെസ്റ്റ് നാളെ മുതൽ
1 min read

ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിനെ വരവേൽക്കാനൊരുങ്ങി കോഴിക്കോട്. ബേപ്പൂർ, ചാലിയം ബീച്ചകളിലായി നടക്കുന്ന ഫെസ്റ്റിവെലിൽ, കൈറ്റ് ഫെസ്റ്റിവെൽ, ജലകായിക മത്സരങ്ങൾ ഉൾപ്പെടെ നിരവധി പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.
പരിപാടിയുടെ ഭാഗമായി ജനുവരി നാലിന് വൈകിട്ട് ഏഴിന് ചാലിയം ബീച്ചിൽ ജ്യോത്സ്‌ന രാധാകൃഷ്ണൻ ബാൻഡിന്റെ സംഗീത പരിപാടി അരങ്ങേറും.
ജനുവരി അഞ്ചിന് വൈകിട്ട് 7.30 മുതൽ ഡ്രോൺ ഷോയും തുടർന്ന് വിനീത് ശ്രീനിവാസന്റെ നേതൃത്വത്തിൽ സംഗീത പരിപാടിയും ഒരുക്കിയിട്ടുണ്ട്. നാലിനും അഞ്ചിനും നടക്കുന്ന ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവൽ നാലാം സീസണിന്റെ ഭാഗമായി ഇന്ത്യൻ വ്യോമസേനയുടെ എയർ ഷോ ബേപ്പൂരിന്റെ ആകാശത്തിൽ ദൃശ്യവിസ്മയങ്ങൾ തീർക്കും.
വൈകിട്ട് 3.30 മുതലാണ് വ്യോമാഭ്യാസ പ്രകടനങ്ങൾ നടക്കുക.
വ്യോമസേനയ്ക്കു പുറമെ, നാവിക സേനയും കോസ്റ്റ് ഗാർഡും വാട്ടർഫെസ്റ്റിൽ പങ്കാളികളാകുന്നുണ്ട്. ഫെസ്റ്റിന്റെ രണ്ട് ദിവസങ്ങളിലും രാവിലെ ഒമ്പത് മുതൽ അഞ്ചു മണി വരെ കോസ്റ്റ് ഗാർഡിന്റെയും നാവിക സേനയുടെയും കപ്പലുകൾ ബേപ്പൂർ തുറമുഖത്ത് പൊതുജനങ്ങൾക്കായി പ്രദർശനത്തിനെത്തും.
പ്രദർശനം സൗജന്യമായിരിക്കും. നാലിനും അഞ്ചിനും വൈകിട്ട് 7.30 മുതൽ ബേപ്പൂർ ബീച്ചിൽ നടക്കുന്ന ഡ്രോൺ ഷോയും ഉണ്ടാവും. ബേപ്പൂർ ബീച്ചിൽ കെ.എസ് ഹരിശങ്കർ സംഗീതപരിപാടിയും അരങ്ങേറും. കൈറ്റ് ഫെസ്റ്റിവൽ, വിവിധ ജലകായിക മത്സരങ്ങൾ, സംഗീതകലാ പരിപാടികൾ തുടങ്ങി സാഹസികതയുടെയും വിനോദത്തിന്റെയും പുതിയ അനുഭവങ്ങൾക്ക് ഇവിടം സാക്ഷ്യം വഹിക്കും.
ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ ഭാഗമായി കേരള ടൂറിസവും ജില്ലാ ടൂറിസം പ്രെമോഷൻ കൗൺസിലും വൺ ഇന്ത്യ കൈറ്റ് ടീമും സംയുക്തമായി നടത്തുന്ന ഇന്റർനാഷണൽ കൈറ്റ് ഫെസ്റ്റിവലിൽ പൊതുജനങ്ങൾക്കായി പട്ടം പറത്തൽ മത്സരം നടക്കും. ജനുവരി 4 ന് ചാലിയം ബീച്ചിലാണ് മത്സരം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷൻ സൗജന്യമാണ്. ഫോൺ : 8075127774.
വിജയിക്കുന്നവർക്ക് പ്രത്യേക ട്രോഫി നൽകും. കൈറ്റ് ഫെസ്റ്റിവെലിന്റെ മികച്ച ദൃശ്യങ്ങൾ റീൽസ്, വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നവരിൽ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച വീഡിയോയ്ക്ക് ഗോൾഡ് കോയിൻ സമ്മാനമായി നൽകും. വാർത്താസമ്മേളനത്തിൽ ആർ. ജയന്ത് കുമാർ, അബ്ദുള്ള മാളിയേക്കൽ, ഹംറാസ് ചാലിയം, ഷബീറലി റിഥം, ഷിഹാബുദ്ധീൻ സോയോ എന്നിവർ പങ്കെടുത്തു.
ക്രമീകരണങ്ങൾ
വാട്ടർ ഫെസ്റ്റിനെത്തുന്നവരുടെ വാഹനങ്ങൾ സുരക്ഷിതമായി നിർത്തിയിടുന്നതിനായി വിപുലമായ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഒരേ സമയത്ത് നിരവധി വാഹനങ്ങൾ വരുന്നതിനാൽ മറീന ബീച്ച് പരിസരത്തേക്ക് കൊണ്ടുവരാനാകില്ല. ബേപ്പൂരിലേക്ക് വരുന്ന വാഹനങ്ങൾ അതത് പ്രവേശന ഭാഗങ്ങളിൽ പാർക്കു ചെയ്യുന്നതിനാണ് സൗകര്യമൊരുക്കിയത്.
ബി സി റോഡ് വഴി വരുന്നവർക്കു കോർപ്പറേഷൻ മിനി സ്റ്റേഡിയത്തിൽ വിശാലമായ പാർക്കിംഗ് ഒരുക്കി. കോഴിക്കോട് വട്ടക്കിണർ ഭാഗത്ത് നിന്ന് വരുന്നവർക്ക് ബേപ്പൂർ ജിവിഎച്ച്എസ് സ്കൂൾ ഗ്രൗണ്ടിലും ബേപ്പൂർ അങ്ങാടി വരെയെത്തുന്ന വാഹനങ്ങൾ പോർട്ടിന് സമീപത്തെ സിൽക്ക് , കോവിലകം ഭൂമികളിലും പയ്യാനക്കൽ ഒഎം റോഡുവഴിയെത്തുന്നവർക്കായി കല്ലിങ്ങൽ ഗ്രൗണ്ടും പാർക്കിംഗിനായി പാകപെടുത്തിയിട്ടുണ്ട്.
ബേപ്പൂരിലെ പ്രധാന പാർക്കിംഗ് കേന്ദ്രങ്ങളിൽ നിന്നും മറീന തീരത്തേക്ക് പ്രത്യേകമായി 75 ഓട്ടോറിക്ഷകൾ സ്റ്റിക്കർ പതിച്ച് ഫെസ്റ്റ് ദിവസങ്ങളിൽ സർവ്വീസ് നടത്തും.
ഇതുവഴി ബേപ്പൂർ അങ്ങാടി പുലിമൂട്ട് ഭാഗങ്ങളിലേക്കുള്ള വാഹനങ്ങളുടെ അമിത വരവ് നിയന്ത്രിക്കാനാകും. ചാലിയം ഫോറസ്റ്റ് ടിമ്പർ ഡിപ്പോയുടെ ഭാഗമായുളള വിശാലമായ സ്ഥലവും നൂറുകണക്കിന് വാഹനങ്ങൾക്ക് പാർക്കിംഗിന് ഒരുക്കി. ബേപ്പൂർ -ചാലിയം ജങ്കാർ കൂടുതൽ സർവീസുണ്ടാകും. ബേപ്പൂർ മറീന തീരത്തിന് സമീപം മുഴുവൻ സമയം ഒരു മെഡിക്കൽ ക്ലിനിക്ക് പ്രവർത്തിക്കും.