സമ്പൂർണ എ.ഡി.എസ് സജ്ജമാക്കി പരപ്പനങ്ങാടി നഗരസഭ


പരപ്പനങ്ങാടി : എല്ലാ ഡിവിഷനിലും എ.ഡി.എസ് ഓഫീസ് തുടങ്ങിയ സംസ്ഥാനത്തെ ആദ്യത്തെ സി.ഡി.എസ് എന്ന മികവ് നേടി ജില്ലയിലെ പരപ്പനങ്ങാടി നഗരസഭ കുടുംബശ്രീ സി.ഡി.എസ്.
ആകെയുള്ള 45 വാർഡിലും എ.ഡി.എസ് ഓഫീസ് സജ്ജമായി. വാടകക്കെടുത്ത അഞ്ചെണ്ണമൊഴിച്ച് ബാക്കി അംഗൻവാടി കെട്ടിടത്തിനോട് ചേർന്നും മറ്റുമാണ് നഗരസഭയുടെ കൗൺസിൽ അംഗീകാരത്തോടെ എ.ഡി.എസ് ഓഫീസ് സജ്ജീകരിച്ചത്.
ഓരോ വാർഡിലേയും ജനപ്രതിനിധികളുടെയും എ.ഡി.എസ് ഭാരവാഹികളുടെയും കൂട്ടായ പരിശ്രമമാണ് പരപ്പനങ്ങാടി കുടുംബശ്രീയെ ഈ നേട്ടത്തിലെത്തിച്ചത്. കുടുംബശ്രീ നഗരതലത്തിൽ നടപ്പിലാക്കുന്ന ‘ചലനം’ മെൻ്റർഷിപ്പ് പ്രോഗ്രാമിൻ്റെ തുടർച്ചയായിട്ടാണ് ജില്ലയിൽ നിന്നും തെരഞ്ഞെടുത്ത പരപ്പനങ്ങാടി സി.ഡി.എസ് ഈ നേട്ടം കൈവരിച്ചത്.
സമ്പൂർണ എ.ഡി.എസ് സജ്ജമാക്കിയതിൻ്റെ ഔദ്യോഗിക പ്രഖ്യാപനം നഗരസഭ കുടുംബശ്രീ സി.ഡി.എസ് സംഘടിപ്പിച്ച പൊതുസഭ യിൽ നഗരസഭാധ്യക്ഷൻ പി.പി. ഷാഹുൽ ഹമീദ് നിർവ്വഹിച്ചു. സി.ഡി.എസ് അധ്യക്ഷ പി.പി. സുഹറാബി അധ്യക്ഷത വഹിച്ചു.
നഗരസഭാ ഉപാധ്യക്ഷ കെ. ഷഹർബാനു, ജില്ലാ മിഷൻ കോഡിനേറ്റർ സുരേഷ് കുമാർ, സി.ഡി.എസ് ഉപാധ്യക്ഷ റഹ് യാനത്ത്, കൗൺസിലർമാരായ എം.സി.നസീമ, ഷാഹിന. ടി. റസാഖ്, അസീസ് കൂളത്ത്, ബേബി അച്യുതൻ, ജാഫർ, മുസ്തഫ, മഞ്ജുഷ, മാരിയത്, സി.ഡി.എസ് കൺവീനർമാർ, കോർമെൻറർ അനിൽ കുമാർ, മെൻറർ ഷീല വേണുഗോപാൽ, ഐ.ആർ.ജി. അംഗങ്ങൾ, സിഡിഎസ് അംഗങ്ങൾ, സി.ആർ.പിമാർ, സി.ഡി.എസ് പൊതുസഭ അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.