അനധികൃത വിൽപ്പനക്കായി ഉള്ളണം സ്വദേശി വീട്ടിൽ സൂക്ഷിച്ച 27.5 ലിറ്റർ മദ്യം എക്സൈസ് പിടികൂടി


പരപ്പനങ്ങാടി : അനധികൃത വിൽപ്പനക്കായി വീട്ടിൽ സൂക്ഷിച്ച ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി മധ്യവയസ്കനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
ഉള്ളണം മുണ്ടിയൻകാവ് സ്കൂൾ റോഡിൽ താമസിക്കുന്ന അപ്പാശ്ശേരി വീട്ടിൽ കൃഷ്ണൻ (55)നെയാണ് പരപ്പനങ്ങാടി എക്സൈസ് റേഞ്ചിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ടി. ദിനേശനും പാർട്ടിയും പിടികൂടിയത്.
പെട്രോളിങ്ങിനിടെ ഉള്ളണം – കൂട്ടുമൂച്ചി റോഡിലുള്ള ഉല്ലാസ് നഗർ ബസ്റ്റോപ്പിന് സമീപത്തുനിന്നാണ് ഇയാളെ എക്സൈസ് സംഘം പിടികൂടിയത്. 51 കുപ്പികളിലായി സൂക്ഷിച്ച 27.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം ഇയാളുടെ വീട്ടിൽനിന്നും കണ്ടെടുത്തു.
രണ്ടുദിവസങ്ങളിലുള്ള മദ്യഷാപ്പ് അവധിയിൽ അമിത ലാഭത്തിന് ആവശ്യക്കാർക്ക് വിൽപ്പന നടത്തുന്നതിനാണ് മദ്യം സൂക്ഷിച്ചിട്ടുള്ളതെന്ന് എക്സൈസ് സംഘം പറഞ്ഞു.
കേസ്സെടുത്ത് പരപ്പനങ്ങാടി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സിവിൽ എക്സൈസ് ഓഫീസർമാരായ ജനരാജ്, ജിഷ്നാദ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഐശ്വര്യ, എക്സ്സൈസ് ഡ്രൈവർ ഷണ്മുഖൻ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.