NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസ് ബലാത്സം​ഗം ചെയ്തു’; ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വീട്ടമ്മ

പ്രതീകാത്മക ചിത്രം

ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പീഡന ആരോപണവുമായി വീട്ടമ്മ. മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്, തിരൂര്‍ മുന്‍ ഡിവൈഎസ്പി വിവി ബെന്നി, പൊന്നാനി മുന്‍ സിഐ വിനോദ് എന്നിവര്‍ ചൂഷണം ചെയ്തുവെന്നാണ് വീട്ടമ്മയുടെ വെളിപ്പെടുത്തൽ. പരാതി നല്‍കാനെത്തിയ തന്നെ പൊലീസുകാര്‍ പീഡിപ്പിച്ചുവെന്നാണ് യുവതി വെളിപ്പെടുത്തിയത്.

 

പൊലീസ് ഉന്നതര്‍ പരസ്പരം കൈമാറിയായിരുന്നു പീഡനം, പിവി അൻവർ എംഎൽഎ വെളിപ്പെടുത്തിയതോടെയാണ് താനും തുറന്നു പറയുന്നതെന്നും വീട്ടമ്മ റിപ്പോർട്ടർ ചാനലിനോട് പ്രതികരിച്ചു. ഇന്നലെ പൊന്നാനിയിലെ സിപിഎം നേതാവിൻ്റെ വീട്ടിലെത്തിയ പിവി അൻവറിനെ അവിടെ പോയി കണ്ടിരുന്നുവെന്നും വീട്ടമ്മ പറഞ്ഞു.

 

2022ല്‍ മലപ്പുറത്തായിരുന്നു സംഭവം നടന്നതെന്ന് യുവതി പറയുന്നു. വസ്തുസംബന്ധമായ പ്രശ്‌നം പരിഹരിക്കാനായിരുന്നു യുവതി പൊലീസിനെ സമീപിച്ചത്. പൊന്നാനി സിഐ വിനോദിനാണ് പരാതി നല്‍കിയത്. എന്നാല്‍ സിഐ വിനോദ് തന്നെ വീട്ടിലെത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. ഈ പരാതി ഡിവൈഎസ്പി ബെന്നിക്ക് കൈമാറി. ബെന്നിയും വീട്ടിലെത്തി ഉപദ്രവിച്ചു. പരിഹാരം ഇല്ലാത്തതിനാല്‍ മലപ്പുറം എസ്പിയെ കണ്ടുവെന്നും എന്നാല്‍ സുജിത് ദാസും തന്നെ ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.

 

സുജിത് ദാസ് തന്നെ ഭീഷണിപ്പെടുത്തിയെന്നും വെളിപ്പെടുത്തലുണ്ട്. സുജിത് ദാസും പരാതി അട്ടിമറിച്ചു. കൊന്നു കളയും, രണ്ട് കുട്ടികൾക്ക് ഉമ്മ ഇല്ലാതാകുമെന്ന് പറഞ്ഞായിരുന്നു തന്നെ ഭീഷണിപ്പെടുത്തിയിരുന്നതെന്നും യുവതി പറയുന്നു.

കസ്റ്റംസ് ഓഫീസര്‍ക്കും വഴങ്ങിക്കൊടുക്കണമെന്ന് നിര്‍ബന്ധിച്ചു. അവിടെ താന്‍ രക്ഷപ്പെട്ട് ഓടുകയായിരുന്നു. തന്റെ പരാതിയില്‍ ഒരു നടപടിയും ഉണ്ടായില്ല.

മുഖ്യമന്ത്രിക്ക് ഞാന്‍ പറഞ്ഞതിന് അപ്പുറം ഇല്ലെന്നാണ് എസ്പി പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനെ അങ്കിളെന്നാണ് സുജിത് ദാസ് വിശേഷിപ്പിച്ചതെന്നും യുവതി പറഞ്ഞു.
തനിക്ക് നീതി ലഭിക്കണം, താന്‍ പരാതി നല്‍കുമെന്നും പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുമെന്നും യുവതി വെളിപ്പെടുത്തൽ നടത്തിയ റിപ്പോർട്ടർ ചാനലിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *