വ്യാജ ആര്‍.സി നിര്‍മ്മാണ കേസ് ; ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിനെതിരെ മുസ്ലിം യൂത്ത്‌ലീഗ് പ്രതിഷേധം.


തിരൂരങ്ങാടി : വ്യാജ ആര്‍.സി.നിര്‍മ്മാണ കേസില്‍ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നെന്നാരോപിച്ച് തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിവില്‍ സ്‌റ്റേഷൻ കവാടത്തിൽ പ്രതിഷേധം.
പൊലീസിനെ വെട്ടിച്ച് അകത്ത് കയറിയ യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ സബ് ആര്‍.ടി.ഓഫീസ് ഉപരോധിച്ചു. തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് യു.എ റസാഖിന്റെ നേതൃത്വത്തിലാണ് ആര്‍.ടി.ഓഫീസ് ഉപരോധിച്ചത്.
ജില്ലാ സെക്രട്ടറി ഷരീഫ് വടക്കയിലിന്റെ നേതൃത്വത്തില്‍ പ്രധാന കവാടത്തിലും ഉപരോധം നടന്നു. രണ്ട് ഭാഗത്തും പ്രവര്‍ത്തകരും പൊലീസും ഉന്തും തള്ളുമായി. രാവിലെ പത്ത് മണിക്ക് മുമ്പ് തന്നെ പ്രവര്‍ത്തകര്‍ മിനി സിവില്‍ സ്റ്റേഷനിലെത്തിയിരുന്നു. രണ്ട് ഭാഗത്തും ഓരോ സമയം മുദ്രാവാക്യം വിളി ഉയര്‍ന്നതോടെ മൂന്നാം നിലയിലേക്ക് ഓടിയെത്തിയ പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ ആരംഭിച്ചു.
സമരത്തെ തുടര്‍ന്ന് അര മണിക്കൂറോളം ചെമ്മാട് മിനി സിവില്‍ സ്‌റ്റേഷന്‍ സ്തംഭിച്ചു. പത്തോളം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ശേഷവും സമരം തുടര്‍ന്ന പ്രവര്‍ത്തകര്‍ പ്രതികളായ ഉദ്യോഗസ്ഥരെ മുഴുവന്‍ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരുമെന്ന തിരൂരങ്ങാടി സി.ഐ ശ്രീനിവാസന്റെ ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ച് അറസ്റ്റ് വരിക്കാന്‍ തെയ്യാറായത്.
പുറത്തുള്ള മൂന്ന് പേരെ മാത്രം അറസ്റ്റ് ചെയ്ത് ഇവര്‍ക്ക് ആര്‍.സി നിര്‍മ്മിക്കാന്‍ സഹായം ചെയ്ത ആര്‍.ടി ഓഫീസിലെ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടിനെതിരെയായിരുന്നു യൂത്ത്‌ലീഗിന്റെ സമരം. തിരൂരങ്ങാടി സബ് ആര്‍,ടി ഓഫീസിലെ ഒട്ടുമിക്ക ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്കുണ്ടെന്നും ഇവരെ സംരക്ഷിക്കാന്‍ സംസ്ഥാന മന്ത്രിമാരടക്കം ഇടപെടുന്നുണ്ടെന്നും യൂത്ത്‌ലീഗ് ആരോപിച്ചു.
സമരത്തിന് പി.എം സാലിം, സി.കെ മുനീര്‍, ഉസ്മാന്‍ കാച്ചടി, അസ്‌ക്കര്‍ ഊപ്പാട്ടില്‍, അയ്യൂബ് തലാപ്പില്‍, സി.എച്ച് അബൂബക്കര്‍ സിദ്ധീഖ്, കെ മുഈനുല്‍ ഇസ്്‌ലാം, പി.കെ സല്‍മാന്‍, അബ്ദുന്നാസര്‍ വെന്നിയൂര്‍, സലാഹുദ്ധീന്‍ തേറാമ്പില്‍, അലി കുന്നത്തേരി, ബാപ്പുട്ടി ചെമ്മാട്, ജാഫര്‍ കുന്നത്തേരി എന്നിവര്‍ നേതൃത്വം നല്‍കി.