പരപ്പനങ്ങാടിയിൽ എത്തിയ ക്വട്ടേഷൻ സംഘത്തിലെ നാലാമനും പിടിയിൽ


പരപ്പനങ്ങാടി : പരപ്പനങ്ങാടി ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിൽ കഴിഞ്ഞമാസം നാട്ടുകാർ പിടികൂടിയ ക്വട്ടേഷൻ സംഘത്തിലെ നാലാമനും പോലീസിൻ്റെ പിടിയിലായി.
താനൂർ സ്വദേശി കെ. തഫ്സീർ (24) നെയാണ് പരപ്പനങ്ങാടി എസ്.എച്ച്. ഒ. ഹരീഷും സംഘവും പിടികൂടിയത്.
സ്വർണകള്ള കടത്തുമായി ബന്ധപെട്ട വ്യക്തിയെ തിരഞ്ഞ് തോക്കും മാരകായുധങ്ങളുമായി
വാഹനത്തിലെത്തിയ അഞ്ചംഗ സംഘം നാട്ടുകാർക്കെതിരെ ഭീഷണി ഉയർത്തിയതോടെ നാട്ടുകാർ തടഞ്ഞ് വെച്ച് രണ്ട് പേരെ ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
ഇതിനിടെ മൂന്നു പേർ രക്ഷപെട്ടു.
ഇതിലൊരാളാണ് ഇപ്പോൾ പിടിയിലായ തഫ്സീർ. നേരത്തെ മൂന്നാമനെ പൊലീസ് പിടികൂടി കോടതിയിൽ ഹാജരാക്കി ജയിലിലേക്കയച്ചിരുന്നു.
അഞ്ചാമൻ വിദേശത്തേക് കടന്നതായാണ് വിവരം. പിടിയിലായ തഫ്സീറിനെ പൊന്നാനി കോടതി റിമാൻ്റ് ചെയ്തു.