NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വ്യാജരേഖ ചമച്ച് പാസ്‌പോര്‍ട്ട്, തിരുവനന്തപുരത്ത് നടന്നത് വൻ തട്ടിപ്പ്; നേതൃത്വം നൽകിയത് പോലീസുകാരൻ

 

രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന വലിയ പാസ്പോര്‍ട്ട് തട്ടിപ്പ് തലസ്ഥാനത്ത്. തിരുവനന്തപുരം തുമ്പയില്‍ പോലീസുകാരന്റെ നേതൃത്വത്തിലാണ് വന്‍ തട്ടിപ്പ് നടന്നത്. തുമ്പ സ്റ്റേഷനിലെ സസ്പന്‍ഷനിലായ സി.പി.ഒ. അന്‍സിലിന്റെ നേതൃത്വത്തിലാണ് വ്യാജരേഖ ചമച്ച് പാസ്പോര്‍ട്ട് കൈവശപ്പെടുത്താന്‍ അനര്‍ഹര്‍ക്ക് അവസരമൊരുങ്ങിയത്. ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.

 

അന്‍സില്‍ ഉള്‍പ്പെട്ട സംഘം വ്യാജ തിരിച്ചറിയല്‍ രേഖകള്‍ തയ്യാറാക്കി നിരവധി പേര്‍ക്ക് പാസ്പോര്‍ട്ട് സംഘടിപ്പിക്കാന്‍ വഴിയൊരുക്കിയെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. മണക്കാട് സ്വദേശി കമലേഷ് എന്നയാളാണ് വ്യാജ തിരിച്ചറിയല്‍ രേഖകള്‍ തയ്യാറാക്കി നല്‍കിയത്. ഗുണ്ടകള്‍ക്കും ഈ സംഘം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്.

 

വ്യാജ രേഖചമച്ച് പാസ്പോര്‍ട്ടുകള്‍ സംഘടിപ്പിച്ചുവെന്ന വിവരം പുറത്ത് വന്നതോടെ അന്‍സില്‍ ഇടപെട്ട പാസ്പോര്‍ട്ട് വേരിഫിക്കേഷനുകള്‍ പുനഃപരിശോധിക്കാനാണ് തീരുമാനം. രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന വിഷയമായതിനാല്‍ കരുതലോടെയാണ് അന്വേഷണം.

 

സംഭവത്തില്‍ വ്യാജരേഖകള്‍ തയ്യാറാക്കിയ കമലേഷ് പോലീസ് കസ്റ്റഡിയിലാണ്. മതിയായ രേഖകള്‍ ഇല്ലാത്ത ക്രിമിനല്‍ കേസുകളില്‍പെട്ട ആളുകള്‍ക്കാണ് പാസ്പോര്‍ട്ട് ലഭിക്കുന്നതിന് വേണ്ടി കമലേഷ് തിരിച്ചറിയല്‍ രേഖകള്‍ തയ്യാറാക്കിയത്.

 

തുമ്പ പോലീസ് സ്റ്റേഷനിലെ അന്‍സില്‍ അസീസിനാണ് പാസ്പോര്‍ട്ട് വേരിഫിക്കേഷന്റെ ചുമതല. പാസ്പോര്‍ട്ട് വേരിഫിക്കേഷന് പോകുമ്പോള്‍ കമലേഷ് തയ്യാറാക്കിയ വ്യാജരേഖ ഉപയോഗിച്ച് പാസ്പോര്‍ട്ടിന് അപേക്ഷിച്ചവരുടെ ക്ലിയറന്‍സ് അന്‍സില്‍ ചെയ്തുകൊടുത്തു വെന്നാണ് കണ്ടെത്തിയത്. ഇതിന്റെ പേരിലാണ് ഇയാള്‍ സസ്പെന്‍ഷനിലായത്.

 

ഒറിജിനലിനെ വെല്ലുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡാണ് കമലേഷ് തയ്യാറാക്കി കൊടുത്തിരുന്നത്. മരിച്ചയാളുടെ രേഖകളും പാസ്‌പോര്‍ട്ടിനായി ഉപയോഗിച്ചെന്നാണ് വിവരം. നിലവില്‍ ഇത്തരത്തില്‍ പാസ്പോര്‍ട്ടിന് അപേക്ഷിച്ചവരില്‍ മൂന്ന്പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. അന്‍സില്‍ 13 പേര്‍ക്ക് പാസ്പോര്‍ട്ട് വേരിഫിക്കേഷന്‍ ക്ലിയര്‍ ചെയ്തുകൊടുത്തുവെന്നാണ് വിവരം. ബാക്കിയുള്ളവരെ കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുന്നുണ്ട്.

Leave a Reply

Your email address will not be published.