സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ച സ്‌കൂൾ വിദ്യാർഥിനിയെ ഇടിച്ച് തെറിപ്പിച്ച് സ്വകാര്യ ബസ്; കുട്ടി രക്ഷപെട്ടത് അത്ഭുതകരമായി, ഡ്രൈവർക്കെതിരെ കേസ്


കോഴിക്കോട് ചെറുവണ്ണൂരിൽ സീബ്രാ ലൈനിലൂടെ റോഡ് കുറുകെ കടന്ന സ്‌കൂൾ വിദ്യാർഥിനിയെ ഇടിച്ച് തെറിപ്പിച്ച് സ്വകാര്യ ബസ്. ചെറുവണ്ണൂർ സ്‌കൂളിന് മുന്നിലെ സീബ്രാ ലൈനിൽ വെള്ളിയാഴ്ചയാണ് അപകടം. കൊളത്തറ സ്വദേശിനിയായ ഫാത്തിമ റിനയെ അമിത വേഗതയിൽ വന്ന ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അതേസമയം ബസിന്റെ ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഇരുവശത്തും നോക്കിയശേഷം വളരെ ശ്രദ്ധയോടെയാണ് വിദ്യാർഥിനി റോഡ് മുറിച്ചു കടന്നത്. ബസ് ഇടിക്കാതിരിക്കാൻ വിദ്യാർഥിനി ഓടിമാറുന്നത് വിഡിയോയിൽ കാണാം. ബസ് ഇടിച്ചെങ്കിലും വിദ്യാർഥിനി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഫാത്തിമ ബസ്സിനടിയിലേക്ക് വീണുപോയി. സംഭവ സ്ഥലത്തുണ്ടായിരുന്നവർ നടുങ്ങിനിൽക്കവേ, ഫാത്തിമ ബസ്സിനടിയിൽ നിന്ന് സ്വയം എഴുന്നേറ്റുവരികയായിരുന്നു.