NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലേറി; ജെപി നദ്ദ മന്ത്രി പദത്തിലേക്ക്; സത്യവാചകം ചൊല്ലിക്കൊടുത്ത് രാഷ്ട്രപതി

മൂന്നാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. വിവിധ മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ബിജെപിയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ 36 പേര്‍ സത്യപ്രതിജ്ഞ ചെയ്ത് കേന്ദ്രമന്ത്രിസഭയിലേക്കെത്തി.

 

അതേസമയം എട്ട് ഘടകക്ഷികളില്‍ നിന്നായി 12 പേരും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തി. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ കേന്ദ്ര മന്ത്രിസഭയിലേക്കെത്തുന്നുവെന്നതും ഈ മന്ത്രിസഭയുടെ പ്രത്യേകതയാണ്. കേരളത്തില്‍ നിന്ന് കേന്ദ്രമന്ത്രിസഭയിലേക്ക് ഇത്തവണ രണ്ടുപേരെത്തിയെന്നതും ശ്രദ്ധേയമാണ്.

 

തൃശൂര്‍ എംപി സുരേഷ്‌ഗോപിയും മുന്‍ ബിജെപി ദേശീയ ഉപാധ്യക്ഷന്‍ ജോര്‍ജ്ജ് കുര്യനുമാണ് കേന്ദ്ര മന്ത്രിസഭയിലേക്കെത്തിയ മലയാളികള്‍. അജിത് പവാറിന്റെ എന്‍സിപിയ്ക്ക് മന്ത്രിസഭയിലേക്കുള്ള അവസരം നിഷേധിച്ചത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. എന്നാല്‍ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അജിത്പവാര്‍ സത്യപ്രതിജ്ഞയ്‌ക്കെത്തിയിരുന്നു.

കേന്ദ്രമന്ത്രിസഭയില്‍ ക്യാബിനറ്റ് പദവി ലഭിക്കാത്തതിനാലാണ് അജിത്പവാറിന്റെ എന്‍സിപി പ്രതിഷേധിക്കുന്നത്. പ്രഫുല്‍ പട്ടേല്‍ സഹമന്ത്രിയാകുന്ന കാര്യം ചിന്തിക്കാന്‍ പോലും കഴിയില്ലെന്നും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും പാര്‍ട്ടി അധ്യക്ഷന്‍ അജിത്പവാര്‍ വ്യക്തമാക്കിയിരുന്നു.

രാഷ്ട്രപതി ഭവനിലെ ചടങ്ങില്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്‌സു, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. ഇതുകൂടാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, ബോളിവുഡ് താരങ്ങളായ അക്ഷയ്കുമാര്‍, ഷാരൂഖ് ഖാന്‍ എന്നിവരും പങ്കെടുത്തു.
എന്നാല്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയവരുടെ വകുപ്പുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല. ആഭ്യന്തരം, വിദേശകാര്യം, പ്രതിരോധം, ധനകാര്യം എന്നീ വകുപ്പുകളില്‍ മാറ്റമുണ്ടാകില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published.