NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ നാടകവുമായി യുവാക്കൾ ; മണിക്കൂറുകള്‍ക്കുള്ളില്‍ അകത്താക്കി പൊലീസ്

1 min read

പ്രാക്ടിക്കല്‍ ജോക്ക് വീഡിയോ അഥവാ പ്രാങ്ക് വീഡിയോയ്ക്കായി നിരത്തിലിറങ്ങി കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍. താനൂര്‍ സ്വദേശികളായ സുല്‍ഫിക്കര്‍, യാസീര്‍ എന്നിവരെയാണ് താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം രാവിലെ താനൂര്‍-പരപ്പനങ്ങാടി തീരദേശ റോഡിലാണ് സംഭവം നടന്നത്.

മദ്രസയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ വിജനമായ റോഡരികിലാണ് സംഭവം. സ്‌കൂട്ടറിലെത്തിയ യുവാക്കള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നുവെന്ന് മനസിലാക്കിയ കുട്ടികള്‍ ഭയന്ന് നിലവിളിച്ചു. ഇതോടെ ഇരുവരും സ്ഥലം വിട്ടു. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പ്രദേശം പരിഭ്രാന്തിയിലായി.

 

കുട്ടികള്‍ വീട്ടിലെത്തി വിവരം ധരിപ്പിച്ചതോടെ കുട്ടികളുടെ മാതാപിതാക്കള്‍ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് കാര്യക്ഷമമായി ഇടപെട്ടു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികള്‍ പിടിയിലായി.

അതേ സമയം പിടിയിലായ രണ്ട് യുവാക്കളും കുട്ടികളുടെ അയല്‍വാസികളാണെന്ന് പൊലീസ് അറിയിച്ചു. തട്ടിക്കൊണ്ടുപോകൽ നടത്തിയതല്ലെന്നും കുട്ടിയെ പ്രാങ്കാൻ വേണ്ടി ചെയ്തതാണെന്നായിരുന്നു യുവാക്കളുടെ മൊഴി.

 

കുട്ടിയുടെ കുടുംബം പരാതിയിൽ ഉറച്ച് നിന്നതോടെ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് യുവാക്കളെ ജാമ്യത്തില്‍ വിട്ടയച്ചു.

Leave a Reply

Your email address will not be published.