NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

രാജ്യത്തെ 95 ശതമാനം കോവിഡ് കേസും കേരളത്തില്‍; രോഗികളുടെ എണ്ണം 2,341 കടന്നു; ആരോഗ്യവകുപ്പിന് താക്കീതുമായി കേന്ദ്രം; നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയതോടെ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. കേരളത്തിലെ ആരോഗ്യവകുപ്പ് ജനങ്ങള്‍ക്ക് രോഗത്തിന്റെ മുന്നറിയിപ്പ് കൊടുക്കുന്നില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. രാജ്യത്തെ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ 95 ശതമാനവും കേരളത്തില്‍ നിന്നാണ്.

കേരളത്തില്‍ കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ നിരീക്ഷണം ശക്തമാക്കണമെന്നും മുന്‍കരുതല്‍ നടപടികള്‍ക്ക് ഒരു വീഴ്ചയും വരുത്തരുതെന്നും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് കേസുകള്‍ ഉയരുന്നതിനിടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ബുധനാഴ്ച ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

 

എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യമന്ത്രിമാര്‍, ആരോഗ്യവകുപ്പ് സെക്രട്ടറിമാര്‍, കേന്ദ്ര ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥര്‍, കേന്ദ്രഭരണപ്രദേശങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ഒറ്റക്കെട്ടായി മുന്നോട്ടുപോകേണ്ട സമയമാണിതെന്നും കരുതല്‍ തുടരുകയും, അതേസമയം ആശങ്കയൊഴിവാക്കുകയും ചെയ്യണമെന്നും മന്ത്രി പറഞ്ഞു. ബോധവല്‍ക്കരണത്തിനായി ഓരോ മൂന്നുമാസം കൂടുമ്പോഴും ആശുപത്രികളില്‍ മോക്ഡ്രില്ലുകള്‍ സംഘടിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദേശം നല്കി.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 300 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് മൂന്ന് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കേരളത്തിലെ സജീവ കേസുകള്‍ 2,341 ആയി ഉയര്‍ന്നു.

രാജ്യത്താകെ 24 മണിക്കൂറിനിടെ 358 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 2,669 ആയി. രാജ്യത്ത് ഇതുവരെ 21 പേരില്‍ ജെഎന്‍ 1 കോവിഡ് ഉപ വകഭേദം കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *