ട്രെയിനിൽ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത വല്ലപ്പുഴ സ്വദേശിക്ക് 15 ദിവസം ജയിൽ ശിക്ഷ
1 min read
പ്രതീകാത്മക ചിത്രം

കുറ്റിപ്പുറം: തിരൂരിൽ നിന്നും പാലക്കാട്ടേക്ക് ടിക്കറ്റില്ലാതെ യാത്ര ചെയ്ത വല്ലപ്പുഴ സ്വദേശിയായ യുവാവിന് 15 ദിവസം ജയിൽ ശിക്ഷ. ഏപ്രിൽ 27-ാം തിയ്യതി മംഗലാപുരം – കോയമ്പത്തൂർ എക്സ്പ്രെസ്സിലാണ് യുവാവിനെ ടിക്കറ്റ് ചെക്കിംഗ് സ്ക്വാഡ് പിടികൂടിയത്. തുടർന്ന് ഷൊർണ്ണൂർ ആർപിഎഫിന് കൈമാറുകയും കേസ് റജിസ്റ്റർ ചെയ്ത് ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു.
കഴിഞ്ഞ 6 മാസമായിട്ടും കോടതിയിൽ ഹാജരായി പിഴ അടക്കാത്തതിനാൽ ഷൊർണ്ണൂർ റെയിൽവേ കോടതിയിൽ നിന്ന് സമൻസ് അയയ്ക്കുകയും ചെയ്തിരുന്നു. ഹാജരാവാത്തതിനാൽ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു.
പാലക്കാട് ആർപിഎഫ് അസി കമ്മീഷണറുടെ നിർദ്ദേശ പ്രകാരം ഇന്നലെ ഷൊർണ്ണൂർ ആർപിഎഫ് സബ് ഇൻസ്പക്ടർ ഹരികുമാർ ഇയാളെ വല്ലപ്പുഴയിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്ത് റെയിൽവേ കോടതിയിൽ ഹാജരാക്കിയ യുവാവിനെ 1000 രൂപ പിഴ അടക്കാത്തതിനാൽ 15 ദിവസത്തേക്ക് ഒറ്റപ്പാലം സബ് ജയിലിൽ റിമാന്റ് ചെയ്തു.
പെറ്റി കേസുകളിൽ ജാമ്യത്തിൽ പോയി കോടതിയിൽ ഹാജരാകാത്ത കൂടുതൽ പേർക്കെതിരെ കർശന നടപടികളുമായി മുന്നോട്ട് പോകുമെന്ന് ആർ പി എഫ് പോസ്റ്റ് കമാന്റർ ക്ലാരി വൽസ അറിയിച്ചു.