NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ചക്രവാത ചുഴി: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ തുടരും

1 min read

തിരുവനന്തപുരം: തമിഴ്നാടിനു മുകളിൽ കേരളത്തിന്‌ സമീപമായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. ഇതിന്റെ സ്വാധീന ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഇന്നും നാളെയും (നവംബർ 23 -24) ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

നവംബർ 25 ഓടെ തെക്കൻ ആൻഡമാൻ കടലിനു മുകളിൽ രൂപപ്പെടുന്ന ചക്രവാത ചുഴി നവംബർ 26 ഓടെ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു നവംബർ 27 ഓടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിൽ തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിച്ചേക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

 

പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്.

പത്തനംതിട്ടയിൽ രാത്രി പുലരുവോളം ശക്തമായ മഴ പെയ്തു. ചുഴലിക്കോട് ഉരുൾപൊട്ടൽ ഉണ്ടായി. കൊക്കാത്തോട് മലയോര പാതയിലെ ഇഞ്ച ചപ്പാത്ത് ഒലിച്ചുപോയി. ഇതോടെ ഈ പാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. മുല്ലപ്പുഴശ്ശേരി വില്ലേജിൽ കുറുന്താർ ഭാഗത്ത് വെള്ളം കയറിയതിനെ തുടർന്ന് 2 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. അച്ചൻകോവിൽ, പമ്പയാറുകളിൽ ജലനിരപ്പ് ഉയർന്നു. മലയോര മേഖലയിലേക്കുള്ള യാത്ര നിരോധിച്ചിട്ടുണ്ട്.

സംസ്ഥാനത്ത്  മഴ കനത്തതോടെ ശബരിമല സന്നിധാനത്തേക്കുള്ള തീര്‍ത്ഥാടകരുടെ വരവിനും ഇടിവുണ്ടായി. ഇന്ന് 11000 ആളുകള്‍ മാത്രമാണ് വെര്‍ച്വല്‍ ക്യൂ വഴി ശബരിമല ദര്‍ശനത്തിന് രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്നത്. ഇന്നലെ സന്നിധാനത്ത് 36000 ഭക്തരാണ് ദര്‍ശനത്തിനെത്തിയത്. സന്നിധാനത്തും പമ്പയിലും അനുഭവപ്പെട്ട ശക്തമായ മഴ മലകയറ്റം ദുഷ്‌കരമാക്കി.

തീര്‍ത്ഥാടന കാലത്ത് ആകെയെത്തിയ തീര്‍ത്ഥാടകരുടെ എണ്ണം മൂന്നു ലക്ഷമെത്തി.  ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സന്നിധാനത്തും പമ്പയിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ തെളിഞ്ഞ കാലാവസ്ഥയാണ് രണ്ടു സ്ഥലങ്ങളിലും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!