നവകേരള സദസ്സ് ബഹിഷ്‌കരിക്കാനുള്ള തീരുമാനം തിരുത്തണം; നാടിന്റെ നന്മയ്ക്ക് നാട്ടുകാരെല്ലാം ഒരുമിക്കണം; പ്രതിപക്ഷത്തെ വീണ്ടും ക്ഷണിച്ച് മുഖ്യമന്ത്രി


നവകേരള സദസ്സ് ബഹിഷ്‌കരിക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് നേതൃത്വം തിരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ നന്മയ്ക്ക് നാട്ടുകാരെല്ലാം ഒരേ വികാരത്തോടെയാണ് വരുന്നത്. ഇത്തരത്തില്‍ ജനപങ്കാളിത്തം ഉണ്ടാകുമ്പോള്‍ അവര്‍ക്ക് നേതൃത്വം കൊടുക്കാന്‍ കഴിയാത്തതില്‍ എംഎല്‍എമാര്‍ അനുഭവിക്കുന്ന മാനസികസംഘര്‍ഷം വലുതായിരിക്കുമെന്നും അദേഹം പറഞ്ഞു.
പ്രതിപക്ഷം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിട്ടും ലീഗ് സംസ്ഥാന സമിതി അംഗം പ്രഭാതയോഗത്തില്‍ പങ്കെടുത്തതും ഇങ്ങനെ കാണണം. ബഹിഷ്‌കരിക്കാനുള്ള തീരുമാനമെടുത്തത് ലീഗല്ല, കോണ്‍ഗ്രസ് നേതൃത്വമാണ്. അവധാനതയില്ലാത്ത ആ തീരുമാനത്തിന്റെ അനന്തരഫലമാണ് പ്രതിപക്ഷം അനുഭവിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.