നവകേരള ജനസദസിന് ഇന്ന് തുടക്കം; ബെൻസ് ലക്ഷ്വറി ബസ് കേരളത്തിലെത്തിച്ചു


പിണറായി സർക്കാരിന്റെ നവകേരള ജനസദസിന് ഇന്ന് തുടക്കം. കാസർഗോഡ് മഞ്ചേശ്വം മണ്ഡലത്തിലെ പൈവളിഗയിൽ ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് ജനസദസിന്‍റെ ഉദ്ഘാടനം.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനുള്ള ബസ് കേരളത്തിലെത്തിച്ചു. ഇന്ന് പുലർച്ചെ കാസർകോട് എത്തിച്ച ബസ്, എആർ ക്യാംപിലേക്ക് മാറ്റി.
അതേസമയം, നവകേരള സദസില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും യാത്ര ചെയ്യാനായുള്ള ബെൻസ് ലക്ഷ്വറി ബസിനായി ഇളവുകള്‍ വരുത്തികൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. ബസിനായി പ്രത്യേക ഇളവുകള്‍ വരുത്തികൊണ്ട് കോണ്‍ട്രാക്ട് ക്യാരേജ് ബസുകള്‍ക്കായുള്ള നിയമത്തില്‍ ഭേദഗതി വരുത്തികൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
നവകേരള ബസിനുള്ള ആഡംബര ബസ്സിന്‍റെ മുന്‍നിരയിലെ മുഖ്യമന്ത്രിയുടെ സീറ്റിന് 180 ഡിഗ്രി കറങ്ങാനുള്ള അനുമതിയും വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ട്. ഈ ബസിനുവേണ്ടി മാത്രമായി കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾക്ക് നൽകിയിരിക്കുന്ന കളർ കോഡിനും ഇളവ് വരുത്തിയിട്ടുണ്ട്. ടൂറിസ്റ്റ് ബസുകളുടെ വെള്ള നിറത്തിലെ കളർ കോഡ് ബാധകമല്ലെന്നും ഉത്തരവിൽ പറയുന്നു.
സർക്കാരിനും സർക്കാർ നിർദേശിക്കുന്ന വിവിഐപികൾക്കും ബസ് ആവശ്യപെടുമ്പോൾ വിട്ടു നൽകണമെന്നും നിർദേശം. നവകേരള സദസിന് ശേഷം കെഎസ്ആർടിസിയുടെ ടൂറിസം പദ്ധതിക്കായി ബസ് ഉപയോഗിക്കും. പുറത്തുനിന്ന് വൈദ്യുതിയിൽ ബസിൽ ഏസിയും ഇൻവേർട്ടറും പ്രവർത്തിപ്പിക്കാമെന്നും ഇളവുകൾ. അതേസമയം മുഖ്യമന്ത്രിയ്ക്കുള്ള പ്രത്യേക കാബിൻ ഒഴിവാക്കിയിട്ടുണ്ട്.
എന്നാൽ ബാത്റൂം, മിനികിച്ചൻ എന്നിവ ബസിൽ ഉണ്ടാകും. ബസിനായി 1.05 കോടി രൂപയാണ് ധനവകുപ്പ് പബ്ലിക് റിലേഷൻസ് വകുപ്പിന് അനുവദിച്ചത്. 11 ലക്ഷം രൂപ വരുന്ന ബയോ ടോയ്‌ലറ്റ്, ഫ്രിജ്, മൈക്രോവേവ് അവ്‌ൻ, ആഹാരം കഴിക്കാൻ പ്രത്യേക സ്ഥലം, വാഷ് ബെയ്സിൻ തുടങ്ങിയ സൗകര്യങ്ങളാണ് ബസിലുള്ളത്. മുഖ്യമന്ത്രിയും 20 മന്ത്രിമാരും കൂടാതെ ചീഫ് സെക്രട്ടറിയും ബസിലുണ്ടാകും.
140 നിയോജകമണ്ഡലങ്ങളിലും നവ കേരള സദസ് സംഘടിപ്പിക്കും.