രാവിലെ 6 മുതൽ രാത്രി 10 വരെ വെടിക്കെട്ട് നടത്താം; വെടിക്കെട്ട് നിരോധനത്തിൽ ഇടപെട്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്


വെടിക്കെട്ട് നിരോധനത്തിൽ ഇടപെട്ട് ഡിവിഷൻ ബെഞ്ച്. സുപ്രിംകോടതി നിർദ്ദേശങ്ങൾ പാലിച്ച് വെടിക്കെട്ട് നടത്താം. രാവിലെ 6 മുതൽ രാത്രി 10 വരെ വെടിക്കെട്ട് നടത്താം. അസമയത്ത് വെടിക്കെട്ട് നടത്തുന്നത് പ്രത്യേക സാഹചര്യം നോക്കി അപേക്ഷ പരിഗണിച്ച് കളക്ടർ മാർക്ക് അനുമതി നൽകാമെന്നും ഡിവിഷൻ ബെഞ്ച്. വെടിക്കോപ്പുകൾ റെയ്ഡ് നടത്തി പിടിച്ചെടുക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് തടഞ്ഞു.
അസമയത്തെ വെടിക്കെട്ട് നിരോധിച്ച സിംഗിൾ ബെഞ്ച് വിധിക്കെതിരെയാണ് സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. വെടിക്കെട്ട് ആചാരത്തിന്റെ ഭാഗമാണോയെന്ന് സിംഗിള്‍ ബെഞ്ച് പരിശോധിച്ചില്ലെന്നായിരുന്നു അപ്പീലിൽ സർക്കാരിന്റെ വാദം.
സാഹചര്യം പരിശോധിക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവ്. 2005ല്‍ സുപ്രിംകോടതി വെടിക്കെട്ടിന് ഇളവ് നല്‍കിയിട്ടുണ്ട്. 2006ല്‍ സുപ്രിംകോടതി ഉത്തരവില്‍ വ്യക്തത വരുത്തി. ആചാരങ്ങള്‍ക്ക് തടസമില്ലെന്നാണ് സുപ്രിംകോടതി ഉത്തരവ്. സിംഗിള്‍ബെഞ്ച് ഈ വിധിയൊന്നും പരിശോധിച്ചില്ലന്ന് സര്‍ക്കാര്‍ അപ്പീലിൽ പറയുന്നു. സിംഗിൾ ബെഞ്ച് ഉത്തരവിൽ അസമയം ഏതെന്ന് വ്യക്തമല്ല. കോടതി ഉത്തരവിനെ വ്യക്തികൾ ഇഷ്ടാനുസരണം വ്യാഖ്യാനിക്കുമെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
ആരാധനാലയങ്ങളിൽ അനധികൃതമായി സൂക്ഷിച്ച വെടിമരുന്നുകള്‍ പിടിച്ചെടുക്കണമെന്നും സിംഗിൾ ബെഞ്ച് നിർദേശിച്ചിരുന്നു. ഈ ഉത്തരവും ഡിവിഷൻ ബെഞ്ച് തടഞ്ഞു. പരിഗണനാ വിഷയത്തിന് പുറത്തുള്ള കാര്യമാണ് കോടതി പരിശോധിച്ചതെന്നായിരുന്നു അപ്പീലിൽ സർക്കാർ ചൂണ്ടിക്കാട്ടിയത്.