പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ ജ്വല്ലറിയുടെ ഭിത്തി തുരന്ന് മോഷണശ്രമം.


പരപ്പനങ്ങാടി: ചെട്ടിപ്പടി ജംഗ്ഷനിലെ മനീഷ് ജ്വല്ലറിയുടെ ഭിത്തി തുരന്ന് മോഷണശ്രമം. ശബ്ദംകേട്ട് സെക്യൂരിറ്റി ഗാർഡായ മലയം പറമ്പത്ത് പ്രകാശൻ എത്തി ബഹളം വെച്ചതോടെ മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടു.
ജ്വല്ലറിക്ക് സമീപമുള്ള കാടശേരി വിനോദിൻ്റെ ഉടമസ്ഥതയിലുള്ള പച്ചക്കറിക്കടയുടെ പിൻഭാഗത്തെ ഭിത്തി തുരന്ന് അകത്ത് കയറിയാണ് അവിടെ നിന്ന് മോഷ്ടാക്കൾ ജ്വല്ലറിയുടെ സ്ട്രോങ്ങ് ഭിത്തി കുത്തിപ്പൊളിക്കാൻ ശ്രമിച്ചത്. പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം.
ഇലക്ടിക് മെഷിനറികളുമാണ് മോഷ്ടാക്കൾ ഭിത്തി പൊളിക്കാൻ എത്തിയിരുന്നത്. അവ ഉപേക്ഷിച്ചാണ് മോഷ്ടാക്കൾ രക്ഷപ്പെട്ടത്. ജ്വല്ലറി കെട്ടിടത്തിന് പിൻഭാഗം തറവാട്ടു ക്ഷേത്രവും കാവും കാടുമൂടിയ ആളൊഴിഞ്ഞ പ്രദേശമാണ്. ഇതിന് പിൻഭാഗത്തെ പുത്തൻതെരുവിൽ കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ രണ്ട് വീടുകളിലും കടയിലും മോഷണം നടന്നിരുന്നു.
കിഴക്കയിൽ സേതുമാധവന്റെ വീട്ടിലും സമീപത്തെ അടച്ചിട്ട പുത്തൻവീട്ടിൽ ശാന്തയുടെ വീട്ടിലുമാണ് മോഷണം നടന്നത്. ചേളാരി റോഡിലെ മേത്തലപ്പറമ്പത്ത് കുഞ്ഞിമരക്കാറിന്റെ ഉടമസ്ഥതയിലുള്ള പാരഡൈസ് കൂൾബാറിന്റെ ഷട്ടർപൂട്ട് പൊളിച്ചു അകത്തു കയറിയിരുന്നു.
ഹരിപുരം വിഷ്ണുക്ഷേത്ര പരിസരത്തുള്ള പാലക്കത്തൊടി ചന്ദ്രികയുടെ വീട്ടിലും മോഷണത്തിന് ശ്രമം നടന്നിരുന്നു.കീഴ്ച്ചിറ കാട്ടിക്കൊലൊത് പ്രതീപ്, പരേതനായ പുത്തൻവീട്ടിൽ രാജന്റെ ആൾ താമസമില്ലാത്ത വീട്ടിലും കഴിഞ്ഞ ഞായറാഴ്ച മോഷണശ്രമം നടത്തിയിട്ടുണ്ട്.
ചെട്ടിപ്പടി പ്രദേശത്ത് മോഷണ പരമ്പര അരങ്ങേറുമ്പോൾ ജനങ്ങളും വ്യാപാരികളും ഭീതിയിലാണ്.
പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മലപ്പുറത്ത് നിന്നും ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ദ്ധർ എത്തി തെളിവ് ശേഖരിച്ചു.