NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

അന്യ സംസ്ഥാന തൊഴിലാളികൾ ഉൾപ്പെട്ട കേസുകൾ വർദ്ധിക്കുന്നു ; എറണാകുളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മലപ്പുറത്ത്, കുറവ് വയനാട്ടിൽ.

പ്രതീകാത്മക ചിത്രം

സംസ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെട്ട കേസുകൾ എറണാകുളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മലപ്പുറം ജില്ലയിൽ. 2021 മേയ് മുതൽ 2023 സെപ്തംബർ വരെ 571 കേസുകളാണ് പൊലീസ് എടുത്തത്. ഇതിൽ കൊലപാതകം അടക്കമുള്ള കേസുകളുണ്ട്. ലഹരി വിൽപ്പനയെ തുടർന്ന് പിടികൂടപ്പെട്ടവരുടെ എണ്ണവും കൂടുതലാണ്.
കേസുകളുടെ എണ്ണത്തിൽ മുന്നിലുള്ള എറണാകുളത്ത് 1,288 കേസുകളുണ്ട്. വയനാട്ടിലാണ് ഏറ്റവും കുറവ് – 13 എണ്ണം. തിരുവനന്തപുരം – 57, കൊല്ലം – 52, പത്തനംതിട്ട – 40, ആലപ്പുഴ- 103, കോട്ടയം – 60, ഇടുക്കി – 59, തൃശൂർ- 431, പാലക്കാട് – 29, കോഴിക്കോട് – 81, കണ്ണൂർ – 251, കാസർകോട് – 57 എന്നിങ്ങനെയാണ് കേസുകൾ. റെയിൽവേ എടുത്തത് 49 കേസുകളാണ്.
അന്യസംസ്ഥാന തൊഴിലാളികൾക്ക് സർക്കാർ ആനുകൂല്യങ്ങൾ നൽകുന്നതിനും തൊഴിലാളികളുടെ വിവര ശേഖരണത്തിനുമായി സംസ്ഥാന സർക്കാർ ആരംഭിച്ച ആവാസ് പദ്ധതി പ്രകാരം ജില്ലയിൽ 29,856 അന്യസംസ്ഥാന തൊഴിലാളികളാണുള്ളത്. ഇതിനപ്പുറം അന്യ സംസ്ഥാന തൊഴിലാളികളുടെ കൃത്യമായ കണക്ക് പൊലീസിലും തൊഴിൽ വകുപ്പിലുമില്ല. ആവാസിൽ ഉൾപ്പെട്ട തൊഴിലാളികളുടെ എണ്ണത്തേക്കാൾ പലയിരട്ടി ജില്ലയിലുണ്ടെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
 ക്രിമിനൽ പശ്ചാത്തലമുള്ളവരും മാരകമായ ലഹരി ഉപയോഗിക്കുന്നവരുമായ ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടുന്ന കേസുകൾ വർദ്ധിച്ചതായി പൊലീസ് സമ്മതിക്കുന്നുണ്ട്. അഞ്ചോ അതിലധികമോ ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണ്.
ഇതിനൊപ്പം കരാറുകാരനും ലൈസൻസ് നേടേണ്ടതുണ്ട്. മതിയായ രേഖകളില്ലാതെ കേരളത്തിൽ താമസിച്ച് ജോലി ചെയ്യുന്ന ക്രിമിനൽ പശ്ചാത്തലമുള്ള അന്യസംസ്ഥാന തൊഴിലാളികളെ കണ്ടെത്തുന്നതിനും അവരെ കർശനമായി നിരീക്ഷിക്കുന്നതിനുമുള്ള ഡി.ജി.പിയുടെ ഈ നിർദ്ദേശം കൃത്യമായി പാലിക്കപ്പെടുന്നില്ല.
അന്യ സംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണം പൊലീസ് സ്റ്റേഷനുകൾ വഴി നടത്തണമെന്നും ഈ വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കണമെന്നും നിർദ്ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *