NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വയറില്‍ മൊട്ടുസൂചി കുത്തി കണക്ഷന്‍ എടുക്കരുത്; പ്രത്യേക നിര്‍ദ്ദേശങ്ങളുമായി കെ.എസ്.ഇ.ബി, വൈദ്യുതി അപകടങ്ങളില്‍ ഈ വര്‍ഷം നഷ്ടമായത് 121 ജീവന്‍.

1 min read

വൈദ്യുതി അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ഏവരും തികഞ്ഞ ജാഗ്രത പുലര്‍ത്തണം. ഇക്കൊല്ലം ഇതുവരെ ആകെ 265 വൈദ്യുത അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ 121 പേര്‍ക്ക് ജീവഹാനിയുണ്ടായിട്ടുണ്ട്.

അനധികൃത വൈദ്യുത ജോലികള്‍ക്കിടെ 10 പേരും ഉപഭോക്തൃ പരിസരത്തെ എര്‍ത്ത് ലിക്കേജ് കാരണം 17 പേരും വൈദ്യുതിലൈനിനു സമീപം ലോഹനിര്‍മ്മിതമായ തോട്ടിയും ഏണിയുമുപയോഗിക്കുമ്പോള്‍ ഷോക്കേറ്റ് 15 പേരും വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റ് 2 പേരും മരണമടഞ്ഞിട്ടുണ്ട്.

 

ഉത്സവങ്ങളോടനുബന്ധിച്ച് ദീപാലങ്കാരം നടത്തുമ്പോഴാണ് 7 പേര്‍ വൈദ്യുതാഘാതമേറ്റ് മരണപ്പെട്ടത്. വൈദ്യുത സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നുവെങ്കില്‍ ഒഴിവാക്കാമായിരുന്ന അപകടങ്ങളാണ് ഇവയിലേറെയും. വൈദ്യുത വയറിംഗിന്റെ തുടക്കത്തില്‍ത്തന്നെ ആര്‍ സി സി ബി (ഇ.എല്‍.സി.ബി) ഘടിപ്പിക്കുന്നതിലൂടെ വൈദ്യുത ലീക്കേജ് കാരണമുള്ള അപകടം ഒഴിവാക്കാനാകും. വൈദ്യുത ഉപകരണങ്ങളുടെ ലോഹഭാഗങ്ങളില്‍ ഇന്‍സുലേഷന്‍ തകരാറുകൊണ്ടോ മറ്റോ അവിചാരിതമായി വൈദ്യുതപ്രവാഹമുണ്ടായാല്‍ ആ ഉപകരണം പ്രവര്‍ത്തിപ്പിക്കുന്ന വ്യക്തിക്ക് വൈദ്യുതാഘാതമേല്ക്കാന്‍ വലിയ സാദ്ധ്യതയുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രസ്തുത ഉപകരണത്തിലേക്കും സര്‍ക്യൂട്ടിലേക്കുമുള്ള വൈദ്യുതി പ്രവാഹം ഉടനടി നിര്‍ത്തി വൈദ്യുതാഘാതം ഒഴിവാക്കുന്നതിനുള്ള സംരക്ഷണോപാധിയാണ് RCCB അഥവാ Residual Current Circuit Breaker. നമ്മുടെ നാട്ടില്‍ പൊതുവെ ELCB (Earth Leakage Circuit Breaker) എന്നറിയപ്പെടുന്നത് യഥാര്‍ഥത്തില്‍ RCCB എന്ന ഉപകരണമാണ്.

ഉത്സവാഘോഷങ്ങളുടെ ഭാഗമായി ദീപാലങ്കാരം നടത്തുമ്പോഴും തികഞ്ഞ ജാഗ്രത വേണം. ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇന്‍സുലേറ്റഡ് വയറുകളും അനുബന്ധ ഉപകരണങ്ങളും ഉപയോഗിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തും. ലോഹനിര്‍മ്മിതമായ പ്രതലങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമേ ദീപാലങ്കാരം നടത്താവൂ. വയറില്‍ മൊട്ടുസൂചി/സേഫ്റ്റി പിന്‍ കുത്തി കണക്ഷനെടുക്കുന്നതും വയര്‍ ജോയിന്റുകള്‍ ശരിയായ തരത്തില്‍ ഇന്‍സുലേറ്റ് ചെയ്യാതിരിക്കുന്നതും അപകടകരമാണ്.

കെ.എസ്.ഇ.ബിയുടെ വൈദ്യുത പ്രതിഷ്ഠാപനങ്ങള്‍ക്ക് സമീപം അലങ്കാര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമുമ്പ് അതത് സെക്ഷന്‍ ഓഫീസില്‍ നിന്ന് അനുവാദം വാങ്ങേണ്ടതുണ്ട്. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ അംഗീകാരമുള്ള കോണ്‍ട്രാക്ടറെ മാത്രമേ ദീപാലങ്കാര പ്രവൃത്തികള്‍ക്ക് ചുമതലപ്പെടുത്താവൂ. വൈദ്യുത ലൈനുകള്‍ക്ക് സമീപം ഒരു കാരണവശാലും ലോഹനിര്‍മ്മിതമായ തോട്ടിയോ ഏണിയോ ഉപയോഗിക്കരുത്. 130 ലേറെ പേര്‍ക്കാണ് കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ ഇത്തരത്തില്‍ ഷോക്കേറ്റ് ജീവഹാനിയുണ്ടായിട്ടുള്ളത്.

വൈദ്യുതോപകരണങ്ങളില്‍ നിന്ന് ഷോക്കേറ്റുള്ള അപകടം ഒഴിവാക്കാന്‍ നിര്‍ബന്ധമായും വയറിംഗിന്റെ തുടക്കത്തില്‍ ആര്‍.സി.സി.ബി ഘടിപ്പിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!