വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവം; പ്രതിയെ പൊലീസ് പിടികൂടി


കോഴിക്കോട് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. കുണ്ടുതോട് സ്വദേശിയായ ജുനൈദ് ആണ് പിടിയിലായത്. ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവിട്ടിരുന്നു.
വടകരക്ക് സമീപത്ത് വെച്ചാണ് ജുനൈദ് പിടിയിലായിരിക്കുന്നത്. നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയിരിക്കുന്നത്. കസ്റ്റഡിയിലുള്ള പ്രതിയെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം. കോഴിക്കോട് കുറ്റ്യാടിക്കടുത്ത് തൊട്ടിൽ പാലത്താണ് 19 വയസുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത്. ഡിഗ്രി വിദ്യാർത്ഥിയായ പെൺകുട്ടിയെ ബുധനാഴ്ച വൈകീട്ട് മുതൽ കാണാതായിരുന്നു. ബന്ധുക്കളുടെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.
ഇന്ന് ആളൊഴിഞ്ഞ വീട്ടിൽ വിവസ്ത്രയാക്കി കെട്ടിയിട്ട നിലയിലാണ് പെൺകുട്ടിയെ പൊലീസ് കണ്ടെത്തിയത്. മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ, തൊട്ടിൽപാലത്തിന് അടുത്ത് മറ്റൊരു സ്ഥലത്തെ ആളൊഴിഞ്ഞ വീട്ടിൽ പെൺകുട്ടിയുണ്ടെന്ന് വ്യക്തമായി. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് വീടിന്റെ പൂട്ട് പൊളിച്ച് അകത്ത് കടക്കുകയായിരുന്നു.
കുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ ശേഷം ബലാത്സംഗത്തിനിരയാക്കിയെന്നാണ് പ്രതി ജുനൈദിനെതിരായ പരാതി. പീഡനത്തിന് ശേഷം ദൃശ്യങ്ങളും ചിത്രങ്ങളും പകർത്തിയെന്നും എഫ്ഐആറിലുണ്ട്. വീട്ടിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയും കണ്ടെത്തിയിരുന്നു