ഹെൽമെറ്റിനുള്ളിലെ പാമ്പ് തലയിൽ കടിച്ചിട്ടും യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു

SNAKE

കോഴിക്കോട്: ഹെൽമെറ്റിനുള്ളിൽ പാമ്പ് കയറിയിരിക്കുന്ന സംഭവങ്ങൾ അടുത്തകാലത്തായി കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇപ്പോഴിതാ, കൊയിലാണ്ടിയിൽ ഒരു യുവാവിന് ഹെൽമെറ്റിനുള്ളിൽ ഉണ്ടായിരുന്ന പാമ്പിന്‍റെ കടിയേറ്റെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടെന്ന വാർത്തയാണ് പുറത്തുവരുന്നത്. സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായ നടുവത്തൂര്‍ സ്വദേശി രാഹുല്‍(30) കഴിഞ്ഞ ദിവസം ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.
ഓഫീസിൽനിന്ന് അത്യാവശ്യമായി വിളിച്ചതോടെയാണ് രാഹുൽ ബൈക്കിന് മുകളിൽവെച്ച ഹെൽമെറ്റും ധരിച്ച് യാത്ര തിരിച്ചത്. യാത്രയ്ക്കിടയിലാണ് തലയുടെ വലത് ഭാഗത്ത് രാഹുലിന് വേദന അനുഭവപ്പെട്ടത്. ഇതോടെ ബൈക്ക് നിർത്തി ഹെൽമെറ്റ് ഊരി പരിശോധിച്ചപ്പോഴാണ് ഉള്ളിൽ പാമ്പിനെ കണ്ടത്. ഭയന്നുപോയ രാഹുൽ ഹെൽമെറ്റ് നിലത്തേക്ക് ഇട്ടു. ഇതോടെ പാമ്പ് ഇഴഞ്ഞുപോകുകയും ചെയ്തു. രാഹുൽ നൽകിയ വിവരം അനുസരിച്ച് വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പാണെന്ന് വ്യക്തമായി.
സമീപത്തുണ്ടായിരുന്നവർ ഉടൻ രാഹുലിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രാഹുലിന് ഉടൻ തന്നെ ആന്‍റി വെനം നൽകുകയും ചെയ്തു. ചികിത്സയ്ക്കുശേഷം ഇദ്ദേഹത്തെ വീട്ടിലേക്ക് അയച്ചു. ഡോക്ടർമാർ പത്ത് ദിവസത്തെ വിശ്രമം നിർദേശിച്ചു.
അതേസമയം ഹെൽമെറ്റിനുള്ളിൽ പാമ്പിൽനിന്ന് കടിയേൽക്കുന്ന സംഭവങ്ങൾ അടുത്തകാലത്തായി കൂടിവരുന്നതായി കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്നുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ എട്ട് മാസത്തിനിടെ 12 പേർക്കാണ് ഇത്തരത്തിൽ പാമ്പുകടിയേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചത്. സമയത്ത് ആശുപത്രിയിൽ എത്തിക്കുകയും ആന്‍റി വെനം മരുന്ന് നൽകുകയും ചെയ്തതിനാൽ ഇവരുടെ ജീവൻ രക്ഷിക്കാനായെന്ന് ഡോക്ടർമാർ പറയുന്നു.