‘സതിയമ്മയെ ജോലിയില്‍ നിന്നും പുറത്താക്കിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതം’: വി എൻ വാസവൻ


തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുറിച്ച് നല്ലത് പറഞ്ഞതിന് മൃഗാശുപത്രിയിലെ താത്ക്കാലിക ജീവനക്കാരിയായ സതിയമ്മയെ ജോലിയില്‍ നിന്നും പുറത്താക്കിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് മന്ത്രി വി എന്‍ വാസവന്‍. അതിന് പിന്നിൽ യുഡിഎഫിന്റെ ആസൂത്രിത നാടകമാണ്. അവിടെ നടന്നത് ആൾമാറാട്ടമാണ്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് കഴിയും വരെ ഇതുപോലുള്ള വാർത്തകൾ യുഡിഎഫ് സൃഷ്ടിക്കുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ ഇറക്കിയ ഉത്തരവ് പ്രകാരം ഇത്തരം ഒഴിവുകളില്‍ കുടുംബശ്രീ അയല്‍ക്കൂട്ടത്തില്‍ നിന്നായിരിക്കണം നിയമിക്കേണ്ടത് എന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ലിജിമോള്‍ എന്ന സ്ത്രീയെ നിയമിച്ചത്. പക്ഷെ ജോലി ചെയ്തിരുന്നത് സതിയമ്മയാണ്. അവിടെ നടന്നത് ആൾമാറാട്ടം ആണെന്നും അതിൽ പൊലീസ് കേസെടുക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
ഇനിയങ്ങോട്ട് പല വ്യാജ വാർത്തകളും വരും. ജയ്ക്കിന് പിന്നിൽ അണിനിരക്കുന്ന ആളുകളെ കണ്ടാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്. സതിയമ്മ സംഭവത്തിൽ മന്ത്രി ചിഞ്ചുറാണി പൊലീസിൽ പരാതി നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
തനിക്കെതിരായ അന്വേഷണങ്ങളിൽ നിന്ന് രക്ഷപെടാനാണ് മാത്യു കുഴൽനാടൻ പുതിയ ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്ന് വി എൻ വാസവൻ ആരോപിച്ചു. ഒരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണ് പറയുന്നത്. പറഞ്ഞത് തന്നെ ആവർത്തിക്കുകയാണ്. പാർട്ടി ഇതിനെല്ലാം വിശദീകരണം നല്കിയതാണെന്നും അദ്ദേഹം പറഞ്ഞു.