വള്ളിക്കുന്നിൽ നാട്ടുകാർ തടഞ്ഞിട്ട എട്ട് ടോറസ് ലോറികൾ പോലീസ് കസ്റ്റഡിയിലെടുത്തു.


വള്ളിക്കുന്ന് : എട്ട് ടോറസ് ലോറികൾ നാട്ടുകാർ തടഞ്ഞു പോലീസിൽ ഏല്പിച്ചു. കരുമരക്കാട് മടവംപാടം മണ്ണിട്ട് നികത്തുന്നതിനായി മണ്ണുമായി എത്തിയ ലോറികളാണ് തടഞ്ഞിട്ടത്. കൂട്ടുമൂച്ചി – കരുമരക്കാട് പരുത്തിക്കാട് റോഡിന്റെ നിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴി വാഹനഗതാഗതം ഭാഗികമായി നിരോധിച്ചിരുന്നു.
ഈ റോഡിലൂടെ മണ്ണ് ലോറികൾ കൂട്ടത്തോടെ അമിത വേഗതയിൽ എത്തുന്നത് കണ്ട നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയും പോലീസിന് സ്റ്റേഷനിൽ നിന്ന് എത്തി ചേരാൻ ഏറ്റവും ദൂരം കൂടുതലുള്ള സ്ഥലമായ കരുമലക്കാട് എത്തുമ്പോഴേക്കും ലോറികൾ മണ്ണടിച്ചു പോകുമെന്നതിനാൽ നാട്ടുകാരോട് വാഹനങ്ങൾ തടഞ്ഞിടാൻ നിർദ്ദേശിച്ചു.
അതനുസരിച്ച് നാട്ടുകാർ ലോറികൾ തടഞ്ഞിടുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പാസ്സില്ലാതെ മണ്ണുമായെത്തിയ എട്ടുലോറികൾ പരപ്പനങ്ങാടി സബ് ഇൻസ്പെക്ടർ അരുൺ ആർ.യു, സത്യൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സതീഷ്, സിവിൽ പോലീസ് ഓഫീസർമാരായ രഞ്ജിത്ത്, രാഹുൽ എന്നിവർ ചേർന്ന് കസ്റ്റഡിയിലെടുത്തു.
പിടിച്ചെടുത്ത ലോറികൾ ജിയോളജി വകുപ്പിന് കൈമാറുമെന്ന് പരപ്പനങ്ങാടി ഇൻസ്‌പെക്ടർ കെ.ജെ. ജിനേഷ് പറഞ്ഞു.