NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

താമിര്‍ ജിഫ്രിയുടെ കസ്റ്റഡി മരണം : അന്വേഷണം തൃപ്തികരമല്ല,  വിഷയം നിയമസഭയില്‍ ഉന്നയിക്കും :  കെ.പി.എ മജീദ്. 

താനൂർ പോലീസ് സ്റ്റേഷനിൽ താമിര്‍ ജിഫ്രി എന്ന യുവാവ് കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവത്തിലെ ദുരൂഹതകള്‍ നീക്കുന്നതിന്ന് സമഗ്ര അന്വേഷണം നടത്തണമെന്ന് കെ.പി.എ മജീദ് എം.എല്‍.എ പറഞ്ഞു. ചെമ്മാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എം.എല്‍.എ.  എസ്.പി ഉള്‍പ്പെടെയുള്ളവർ പ്രതിസ്ഥാനത്താണ്. സി.ബി.ഐയോ, ജൂഡീഷ്യല്‍ അന്വേഷണമോ നടത്താന്‍ സർക്കാർ തെയ്യാറാകണം.

വിഷയത്തില്‍ പൊലീസ് ഒളിച്ചു കളിക്കുന്നുണ്ടെന്നാണ് താമിര്‍ ജിഫ്രിയുടെ മരണവും എഫ്.ഐ.ആറും നാട്ടുകാരുടെ പ്രതികരണവുമെല്ലാം തെളിയിക്കുന്നതെന്നും എം.എൽ.എ. പറഞ്ഞു. തിങ്കളാഴ്ച്ച വൈകീട്ട് നാല് മുതല്‍ താമിര്‍ ജിഫ്രി ചേളാരിയിലെ റൂമില്‍ പൊലീസ് കസ്റ്റഡിയിലാണ്. ആ റൂമില്‍ നിന്നും വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ച 12 പേര്‍ക്കൊപ്പമാണ് രാത്രി ഒന്‍പത് മണിയോടെ മൂന്ന് കാറുകളിലാക്കി പുറത്തേക്ക് കൊണ്ട് പോകുന്നത്.
ചേളാരിയില്‍ നിന്നും പിടിച്ചയാളെ താനൂര്‍ റയില്‍വേ മേല്‍പ്പാലത്തിനടിയില്‍ കൊണ്ട് വരേണ്ട സാഹചര്യം പൊലീസ് വ്യക്തമാക്കണം. തിങ്കളാഴ്ച്ച നാല് മണി മുതല്‍ എസ്.പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡായ ഡാന്‍സാഫിന്റെ കസ്റ്റഡിയിലുള്ള താമിര്‍ ചൊവ്വാഴ്ച്ച പുലര്‍ച്ചെ 4.25-നാണ് മരിച്ചതെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. ആ എഫ്.ഐ.ആറില്‍ തന്നെ അമിതമായി എം.ഡി.എം.എ ഉപയോഗിച്ചാണ് മരിച്ചതെന്നും പറയുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടുന്നതിന് മുമ്പ് തന്നെ പൊലീസ് എങ്ങനെയാണ് മരണകാരണം പറയുക.
മാത്രവുമല്ല 4.25-ന് മരിച്ച ആളെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് 7.03-ന് ആണ്. ജിഫ്രിയുടെ മരണത്തില്‍ നിന്നും പൊലീസിന് രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളുമൊരുക്കിയ ശേഷമാണ് എഫ്..ഐ.ആര്‍ തെയ്യാറാക്കിയത്. പൊലീസ് മുഖം രക്ഷപ്പെടുത്തുന്നതിന് സസ്‌പെന്റ് ചെയ്ത എട്ട് ഓഫീസര്‍മാരില്‍ നാല് പേര് എഫ്.ഐ.ആറില്‍ പറയുന്നവരാണ്. ബാക്കി നാല് പേര് ഏത് സ്റ്റേഷനിലെ അംഗങ്ങളാണെന്ന് പൊലീസ് വ്യക്തമാക്കണം. അതോടൊപ്പം എഫ്.ഐ.ആറില്‍ പറയുന്ന ബാക്കി പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതെന്തെന്ന്  വ്യക്തമാക്കണമെന്നും എം.എൽ.എ. പറഞ്ഞു.
എസ്.പിയും ഡി.വൈ.എഫ്.പിയും അന്വേഷണ പരിധിയില്‍ വരണം. ഇപ്പോള്‍ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം പൊലീസിനെ രക്ഷിക്കാനാണ്. വിഷയത്തില്‍ കൃത്യവും വ്യക്തവുമായ അന്വേഷണം വേണം. ലഹരിയെ മുസ്ലിംലീഗ് പാർട്ടി ഒരിക്കലും അനുകൂലിക്കുന്നില്ല. ലഹരി കടത്തുകാര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കുമെതിരെ നടപടി വേണമെന്ന കാര്യത്തില്‍ സംശയമില്ല. ലഹരിയുടെ പേരിലുള്ള പൊലീസ് അതിക്രമത്തെ അനുവദിക്കില്ല. ഇത്തരം അനീതികൾക്കെതിരെ മുസ്്‌ലിംലീഗ് ശക്തമായി പോരാടും. വിഷയത്തില്‍ യാഥാര്‍ത്ഥ്യം പുറത്ത് കൊണ്ട് വരണമെന്നും നിയമസഭയില്‍ വിഷയം അവതരിപ്പിക്കുമെന്നും മജീദ്  എം.എൽ.എപറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *