ഏക സിവിൽ കോഡിനെതിരെ കോൺഗ്രസിന്റെ ജനസദസ്സ് ഇന്ന് കോഴിക്കോട്


കോഴിക്കോട്: ഏകസിവിൽ കോഡിനെതിരെ കോൺഗ്രസ് സംഘടിപ്പിക്കുന്ന ജനസദസ്സ് ഇന്ന് കോഴിക്കോട് മാനാഞ്ചിറ കോംട്രസ്റ്റ് ഗ്രൗണ്ടില്‍ നടക്കും. വൈകീട്ട് 3.30ന് ബഹുസ്വരതാ സംഗമം എന്ന പേരിൽ സംഘടിപ്പിക്കുന്ന ജനസദസ്സ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. കെ മുരളീധരൻ അധ്യക്ഷനാകും. കോൺഗ്രസ് നേതാവ് ജയറാം രമേശ് ജനസദസ്സിനെത്തുമെന്ന് അറിയിപ്പുണ്ടായിരുന്നു. എന്നാൽ ജയറാം രമേശ് എത്തില്ലെന്നാണ് സംഘാടകർ അറിയിക്കുന്നത്.
കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, കോൺഗ്രസിന്റെയും യുഡിഎഫിന്റെയും നേതാക്കൾ വിവിധ സമുദായ സംഘടന നേതാക്കളും പരിപാടിയിൽ പങ്കെടുക്കും. സിപിഐഎമ്മിനെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ല. വനിതാ സംഘടന പ്രതിനിധികളെ ജനസദസ്സിൽ പങ്കെടുപ്പിക്കുന്നുണ്ട്. ജൂലൈ 22ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.
നേരത്തെ ഏകസിവിൽ കോഡിനെതിരെ സിപിഐഎം സെമിനാർ സംഘടിപ്പിച്ചിരുന്നു. സെമിനാറിലേക്ക് കോൺഗ്രസിനെ ക്ഷണിക്കാതിരിക്കുകയും മുസ്ലിം ലീഗിനെ ക്ഷണിക്കുകയും ചെയ്തത് വലിയ വിവാദമായിരുന്നു. എന്നാൽ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കുകയായിരുന്നു. സമസ്ത അടക്കമുള്ള സാമുദായിക സംഘടനാ നേതാക്കൾ സെമിനാറിന്റെ ഭാഗമായിരുന്നു.