NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഖത്തര്‍ എക്‌സ്‌പോ 2023; വളണ്ടിയർമാർക്കുള്ള അപേക്ഷ ക്ഷണിച്ചു

1 min read

ദോഹ: ഖത്തര്‍ എക്‌സ്‌പോ 2023 വളണ്ടിയ‍ർമാർക്കായുള്ള അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ https://www.dohaexpo2023.gov.qa/en/take-part/volunteer-programme എന്ന ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വെബ്സൈറ്റിൽ കയറിയ ശേഷം അപേക്ഷകൻ്റെ പേര്, വിലാസം, മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി, പാസ് വേഡ് ജനന തീയതി, നാഷ്നാലിറ്റി, കൺട്രി റെസിഡൻസ് എന്നീ വിവരങ്ങൾ നൽകി അക്കൗണ്ട് ക്രിയേറ്റ് ചെയ്യാം. 2,200 പേരെയാണ് വളണ്ടിയറിങ്ങിനായി തെരഞ്ഞെടുക്കുക.

 

 

വളണ്ടിയറിങ്ങിനുവേണ്ടി അപേക്ഷിക്കുന്നവര്‍ക്കായി എക്‌സ്‌പോ ചില മാനദണ്ഡങ്ങള്‍ പുറത്തുവിട്ടിരുന്നു. സെപ്റ്റംബര്‍ ഒന്നിന് 18 വയസ് പ്രായമായിരിക്കണം. അപേക്ഷകര്‍ ആറു മാസത്തില്‍ എട്ട് ദിവസം വരെ സന്നദ്ധ സേവനം നടത്താന്‍ തയ്യാറായിരിക്കണം. ഷിഫ്റ്റടിസ്ഥാനത്തിലായിരിക്കും വളണ്ടിയറിങ്ങ് പ്രവർത്തനം. വളണ്ടിയറിങ്ങിന് പ്രത്യേക യൂണിഫോം ലഭിക്കുന്നതാണ്.

 

 

അപേക്ഷകര്‍ ഖത്തറില്‍ താമസിക്കുന്നവരും നല്ല വ്യക്തിത്വം ഉള്ളവരും ആയിരിക്കണം. വിദേശത്തുള്ളവര്‍ക്കും വളണ്ടിയറിങ്ങിനായി അപേക്ഷിക്കാവുന്നതാണ്. ആറുമാസത്തേക്ക് ഖത്തറില്‍ തങ്ങാന്‍ യോഗ്യതയുള്ളവരും വിസ ലഭിക്കുന്നവരും ആയിരിക്കണം. വിസ, യാത്ര, താമസം എന്നിവ എക്സ്പോ 2023 നല്‍കുന്നില്ലെന്ന് വെബ്സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

 

അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി ഉടനെ പ്രഖ്യാപിക്കും. വളണ്ടിയര്‍മാര്‍ക്ക് സാമ്പത്തിക പ്രതിഫലം ഉണ്ടാകില്ല. എന്നാല്‍ സര്‍ട്ടിഫിക്കറ്റും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതാണ്. ഏകദേശം 2,200 വളണ്ടിയര്‍മാരെയാണ് റിക്രൂട്ട് ചെയ്യുക. ഭിന്നശേഷി വിഭാഗത്തില്‍ നിന്നും അപേക്ഷകള്‍ സ്വീകരിക്കുന്നതാണ്.

 

2022 ഫിഫ ലോകകപ്പിന് ശേഷം ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ വലിയ ഇവന്റാണ് എക്‌സ്‌പോ 2023. അല്‍ ബിദ്ദ പാര്‍ക്കില്‍ ആറ് മാസം നീണ്ടുനില്‍ക്കുന്ന എക്‌സിബിഷൻ 2023 ഒക്ടോബര്‍ രണ്ട് മുതല്‍ 2024 മാര്‍ച്ച് 28വരെയാണ് എക്സ്പോ നടക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുപ്പത് ലക്ഷത്തോളം സന്ദര്‍ശകരെയാണ് എക്‌സ്‌പോയില്‍ പ്രതീക്ഷിക്കുന്നത്. 80 രാജ്യങ്ങളുടെ പവലിയനുകളാണ് ദോഹ എക്സ്പോയില്‍ ഉയരുന്നത്.

 

കൃഷിയും ഹരിതവത്കരണവും പരിസ്ഥിതി സംരക്ഷണവുമെല്ലാം അടിസ്ഥാനമാവുന്ന അന്താരാഷ്ട്ര ഹോര്‍ട്ടികള്‍ചറല്‍ എക്‌സ്‌പോയ്ക്ക് ആദ്യമായാണ് ഒരു ഗള്‍ഫ് രാജ്യം വേദിയൊരുക്കുന്നത്. മരുഭൂമിയുടെ മണ്ണില്‍ മേളയെത്തുമ്പോള്‍ പരിസ്ഥിതി സംരക്ഷണവും മരുഭൂവത്കരണത്തിനെതിരായ സന്ദേശവുമെല്ലാം പ്രധാനമായി മാറും. അല്‍ ബിദ്ദ പാര്‍ക്ക് വേദിയാകുന്ന ദോഹ എക്‌സ്‌പോക്ക് 17 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഇടമാണ് ഒരുക്കുന്നത്. പാര്‍ക്കിലെ എക്‌സ്‌പോ വേദിയില്‍ മൂന്നു മേഖലകളിലായി തിരിച്ചായിരിക്കും വളണ്ടിയര്‍മാരുടെ സേവനങ്ങള്‍ ക്രമീകരിക്കുന്നത്.

Leave a Reply

Your email address will not be published.